ന്യൂ ഡൽഹി: പ്രളയ ബാധിത സമയത്തു കേരളത്തിനെതിരായി വിദ്വെഷ പ്രചാരണം നടത്തിയ സുരേഷ് കൊച്ചാട്ടിൽ തനിക്കും കുടുംബത്തിനും സുരക്ഷ വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽക്കൊടുത്ത ഹർജി തള്ളി. കേരളത്തിലെ പ്രളയം സമ്പന്നരെ മാത്രമാണ് ബാധിച്ചതെന്നും അതിനാൽ ആരും പണം നൽകേണ്ടതില്ലെന്നും , ആരെങ്കിലും പണം നൽകാൻ മുന്നോട്ടുവരികയാണെങ്കിൽ അത് സേവാ ഭാരതിക്കു നൽകു എന്നുമാണ് സംഘ പരിവാർ പ്രവർത്തകനായ സുരേഷ് വാട്സപ്പ് ഓഡിയോയിലൂടെ പ്രചരിപ്പിച്ചത്. ഈ ഓഡിയോ ക്ലിപ്പ് പ്രചരിച്ചതോടെ തനിക്കെതിരെ പലയിടങ്ങളിൽനിന്നും ഭീഷണി എത്തിയെന്നും ഭയന്ന് തനിക്ക് ഫോൺ ഓഫ് ചെയ്തു വയ്‌ക്കേണ്ടി വന്നുവെന്നും സുരേഷ് പറയുന്നു. ആൾക്കൂട്ടം തന്നെയും തന്റെ കുടുംബത്തെയും ഉപദ്രവിക്കുമെന്നു ഭയമുള്ളതിനാൽ പോലീസ് സംരക്ഷണം വേണമെന്നാണ് സുരേഷ് ആവശ്യപ്പെട്ടത്. എന്നാൽ സുരക്ഷ ഭീഷണിയുണ്ടെങ്കിൽ അതറിയിക്കേണ്ടത് കോടതിയെയല്ല പോലീസിനെയാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.
രണ്ടായിരത്തിപ്പതിനാലിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ സോഷ്യൽ മീഡിയ പ്രചാരണത്തിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് തൃശൂർ കരിവണ്ണൂർ സ്വദേശിയായ സുരേഷ് കൊച്ചാട്ടിൽ.