നിരോധിച്ച കറൻസിയിൽ 99 . 3 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്

ന്യുഡല്‍ഹി : നോട്ട് അസാധുവാക്കലിന്റെ ഭാഗമായി നിരോധിച്ച പഴയ 500 രൂപ, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്.വെളിപ്പെടുത്തി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആര്‍ എസ് എസ്-ബി ജെ പി സംഘപരിവാരവും രാജ്യത്തഴിച്ചുവിട്ട ക്യാമ്പയിനില്‍ കഴമ്പിലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. കള്ളനോട്ട് പിടിച്ചെടുക്കാനെന്ന് പറഞ്ഞ് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ നോട്ട് നിരോധനം ആര്‍ എസ് എസിന്റെ ചില ഹിഡന്‍ അജണ്ടകള്‍ നടപ്പിലാക്കാനുള്ളതാണ് എന്ന ആരോപണത്തിന് ബലം പകരുന്നതാണ് ഇന്ന് ആര്‍ ബി ഐ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലെ വസ്തുതകള്‍.

2016 നവംബര്‍ എട്ട് രാത്രി എട്ടു മണിക്കായിരുന്നു നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നത്. അസാധുവാക്കല്‍ പ്രഖ്യാപനം നടക്കുമ്പോള്‍ 15.41 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 500 രൂപ, 1000 രൂപ നോട്ടുകളാണ് വിപണിയില്‍ ഉണ്ടായിരുന്നത്. ഇവയില്‍ 15.31 ലക്ഷം കോടിയുടെ മൂല്യമുള്ള നോട്ടുകള്‍ തിരിച്ചെത്തി. 13,000 കോടി മാത്രമാണ് ഇനിയും എത്തിച്ചേരാനുള്ളതെന്നും ആര്‍ ബി ഐ വ്യക്തമാക്കുന്നു. നിര്‍ദ്ദിഷ്ട ബാങ്ക് നോട്ടുകളുടെ (എസ്ബിഎന്‍എസ്) പ്രോസസിംഗും വെരിഫിക്കേഷനുമാണ് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തിയത്. തിരിച്ചെത്തിയ നോട്ടുകളുടെ എല്ലാം കൃത്യതയും പരിശുദ്ധിയും തിരിച്ചറിയുന്നതിന് സങ്കീര്‍ണ്ണമായ ഹൈസ്പീഡ് കറന്‍സി വെരിഫിക്കേഷന്‍ പ്രോസസിംഗ് സിസ്റ്റം (സിവിപിഎസ്) വഴി വെരിഫൈ ചെയ്തു എണ്ണിതിട്ടപ്പെടുത്തി. തുടര്‍ന്ന് അവ നുറുക്കി നശിപ്പിച്ചുവെന്നും ആര്‍ ബി ഐ അറിയിച്ചു.

തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന മറുപടിയാണ് ഇതുവരെയായി നോട്ടുനിരോധനത്തിന്റെ കാര്യത്തെ പറ്റി ചോദിക്കുമ്പോള്‍ റിസര്‍വ് ബാങ്ക് നല്‍കിയിരുന്നത്. കള്ളപ്പണം ഇല്ലാതാക്കാനെന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ടുകള്‍ റദ്ദാക്കുമ്പോള്‍ ആ നോട്ടുകളില്‍ വലിയ പങ്ക് തിരിച്ചെത്തില്ലെന്നും ഇത് സര്‍ക്കാരിന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാകും എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇവയില്‍ ഏതാണ്ട് മുഴുവനും തിരിച്ചെത്തിയതോടെ നോട്ട് നിരോധനം അതിന്റെ മുഖ്യലക്ഷ്യം കൈവരിക്കുന്നതില്‍ പൂര്‍ണപരാജയമാണെന്ന് വ്യക്തമായിരിക്കുകയാണ്.

 

29-Aug-2018