ന്യൂഡല്‍ഹി : കണ്ണൂര്‍ മെഡിക്കല്‍ കോളജിന് സുപ്രീംകോടതിയുടെ 'നല്ലനടപ്പ്' . പ്രളയക്കെടുതി നേരിടാന്‍ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. മെഡിക്കല്‍ പ്രവേശന ക്രമക്കേടില്‍ നിയമനടപടി നേരിടുന്ന കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സെപ്തംബര്‍ 20നകം തുക നിക്ഷേപിക്കണം. ചിലവിനത്തില്‍ ഈടാക്കിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണം. പ്രവേശന ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി മെഡിക്കല്‍ കോളജിന് പിഴ വിധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ചില കേസുകളില്‍ ഡല്‍ഹി ഹൈക്കോടതി ഉള്‍പ്പെടെയുള്ള നീതിപീഠങ്ങള്‍ ഇത്തരത്തില്‍ പിഴ ചുമത്തിയിരുന്നു.
അതേസമയം, ദുരിതാശ്വാസത്തിന് പിരിക്കുന്ന പണം മറ്റ് ഇനങ്ങളില്‍ ചെലവഴിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ദുരിതബാധിതര്‍ക്ക് തന്നെയാണ് പണം കിട്ടുന്നത് കൃത്യമായി ഉറപ്പാക്കണം. ദുരിതാശ്വാസത്തിന് ചില മാധ്യമങ്ങളും എന്‍ജിഒകളും സ്വകാര്യ സംഘടനകളും പിരിക്കുന്ന പണം ദുരിതബാധിതര്‍ക്ക് തന്നെയാണോ കിട്ടുന്നതെന്ന് ഉറപ്പാക്കുന്നതിനും ഓഡിറ്റ് ചെയ്യുന്നതിനും സംവിധാനങ്ങളില്ല. ദുരിതാശ്വാസത്തിനെന്ന പേരില്‍ പിരിക്കുന്ന തുക ദുരിതബാധിതര്‍ക്ക് തന്നെയാണെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.
ഓഗസ്റ്റ് 14 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്ക് വഴിമാറ്റി ചെലവഴിക്കാറില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ ബോധിപ്പി്ച്ചു.