പ്രളയം കൊണ്ട് പോയത് നാനൂറ്റി എൺപത്തി മൂന്നു ജീവൻ.

തിരുവനന്തപുരം : ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ കേരളത്തിൽ നാനൂറ്റി എൺപത്തി മൂന്ന് പേർ മരണപ്പെട്ടു . പതിനാലു പേരെ കാണാതായി. 305 ക്യാമ്പുകളിലായി 14 ലക്ഷത്തോളം പേർക്ക് കഴിയേണ്ടി വന്നു. ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ 6,753 കുടുംബങ്ങളിലെ 59,296 പേര്‍ കഴിയുന്നു. കാലവര്‍ഷത്തെ നേരിടാന്‍ 2018 മെയ് 16 മുതല്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിച്ചു വരികയായിരുന്നു. കാലാവസ്ഥ പ്രവചനത്തെ മറികടന്നാണ് ശക്തമായ മഴ പെയ്തത്. കേന്ദ്ര കാലാവസ്ഥ പ്രവചനത്തെക്കാള്‍ മൂന്നിരട്ടി മഴയാണ് പെയ്തത്. സംസ്ഥാനത്ത് കണക്കു കൂട്ടിയതിനേക്കാള്‍ വലിയ നഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി, പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞു

80 ല്‍ പരം ഡാമുകളാണ് നിറഞ്ഞുകവിഞ്ഞത്. ഏതൊരു ദുരന്തത്തെയും അതിജീവിക്കുന്നതിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യ ഘട്ടമായ രക്ഷാപ്രവര്‍ത്തനം അവസാനിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടമായ പുനരധിവാസവം നടന്നുകൊണ്ടിരിക്കുകയാണ്. അത് വിജയകരമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഇടപെടലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. പുനര്‍നിര്‍മ്മാണമെന്ന എറ്റവും പ്രധാനപ്പെട്ട കടമ ഇനി നമുക്ക് ഏറ്റെടുക്കാനുണ്ട്. അത് ഏത് വിധത്തിലാകണമെന്നത് പുതിയ കേരള സൃഷ്ടിയെക്കൂടി അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. അതിനുതകുന്ന ക്രിയാത്മകമായ ചര്‍ച്ചകള്‍ ഇവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്.  

മാനവികതയും ഐക്യവുമാണ് പ്രളയത്തെ മറികടക്കാന്‍ സഹായിച്ചത്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് നടത്തിയത്. കാലതാമസമില്ലാതെ കേന്ദ്രസേനയെ നിയോഗിക്കാനായി. പ്രളയക്കെടുതിയെ നേരിടാന്‍ സര്‍ക്കാര്‍ ഭരണസംവിധാനങ്ങളെല്ലാം ഫലപ്രദമായി ഉപയോഗപ്പെടുത്തിയതിനാല്‍ മരണസംഖ്യ കുറയ്ക്കാന്‍ സഹായകമായി.കക്ഷി ഭേദമില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സാമാജികര്‍ പങ്കെടുത്തു. ഓരോ മന്ത്രിമാര്‍ ഓരോ ജില്ലകളിലെയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും മത്സ്യത്തൊഴിലാളികളുടെ സേവനം ലഭ്യമാക്കുകയും ചെയ്തു. എല്ലാ സേനകളെയും സമയോചിതമായി അണിനിരത്തി സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തി. വിവിധ കേന്ദ്ര സേനകളെയും വിളിച്ചു വരുത്തി.രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങുകയും കളക്ടര്‍മാര്‍ക്ക് ഇതിന്റെ ചുമതല നല്‍കുകയും ചെയ്തു. കേന്ദ്ര സേനയില്‍ നിന്നും 7443 പേരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. നാല്‍പ്പതിനായിരത്തോളം പോലീസ് ജീവനക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സര്‍ക്കാരിന്റെ എല്ലാ ജീവനക്കാരും അണിനിരന്നു. ദിവസവും രാവിലെയും വൈകിട്ടും അവലോകന യോഗങ്ങള്‍ വിളിച്ചു. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളിയായവര്‍ക്കെല്ലാം സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തി.


പ്രളയക്കെടുതിയില്‍ കെടുതിയില്‍ മരിച്ചവര്‍ക്കും ദേശീയ സംസ്ഥാന നേതാക്കളായ എ.ബി. വാജ്‌പേയ്, സോമനാഥ് ചാറ്റര്‍ജി, എം.കരുണാനിധി, ചേര്‍ക്കുളം അബ്ദുള്ള,ടി.കെ. അറമുഖന്‍, പ്രളയത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ എന്നിവര്‍ക്കും അന്തിമോപചാരവും അര്‍പ്പിച്ചുകൊണ്ടായിരുന്നു സഭയാരംഭിച്ചത്. നാശനഷ്ടങ്ങളും പുനരധിവാസവും സംബന്ധിച്ച് പ്രത്യേക പ്രമേയം സഭ പാസ്സാക്കും.

30-Aug-2018