ന്യൂഡല്‍ഹി : കേരളത്തെ കഴുത്തറ്റം മുക്കിയ പ്രളയക്കെടുതിയില്‍ നല്‍കുന്ന അരിക്ക് വില വാങ്ങുമെന്ന് കേന്ദ്രം ഉറപ്പിച്ചു. കേന്ദ്രം നല്‍കുന്ന അരിക്ക് വില ഈടാക്കുമെന്ന് ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. കേരളത്തില്‍നിന്ന് എത്തിയ എംപിമാരുടെ സംഘത്തെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. എന്‍ഡിആര്‍എഫില്‍ (കേന്ദ്ര ദുരിതാശ്വാസ നിധി) നിന്നുമാകും അരിയുടെ വില ഈടാക്കുക.
അരിയുടെ വില എടുത്തശേഷം ബാക്കി പണം മാത്രമാകം കേരളത്തിന് ലഭിക്കുക. തല്‍ക്കാലം വില ഈടാക്കാതെ അരി നല്‍കാനായിരുന്നു എഫ്‌സിഐയ്ക്കു നല്‍കിയ നിര്‍ദേശം. 89,000 ടണ്‍ അരിയാണ് കേരളത്തിന് കേന്ദ്രം അധികം അനുവദിച്ചത്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടു കേരളം ഒരുമാസത്തെ റേഷന്‍ വിഹിതമായ 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.
അനുവദിച്ച അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കില്‍ നല്‍കണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. കേന്ദ്ര നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ് ഇറങ്ങിയില്ല.