അസഭ്യവര്‍ഷം; വി ടി ബല്‍റാമിനോട് രാഹുല്‍ ഗാന്ധിക്ക് അമര്‍ഷം

എറണാകുളം : പ്രസിദ്ധ എഴുത്തുകാരന്‍ അശോകന്‍ ചരുവിലിനെതിരെ അസഭ്യവര്‍ഷം നടത്തിയ വി ടി ബല്‍റാമിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശാസന. ബല്‍റാമിന്റെ അധിക്ഷേപവാക്കുകള്‍ എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണിച്ചുകൊടുത്ത് പരിഭാഷപ്പെടുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തന്നെയാണ് രാഹുല്‍ഗാന്ധിയുടെ നിര്‍ദേശാനുസരണം ബല്‍റാമിനെ വിളിച്ച് ശകാരിച്ചത്. 'കോണ്‍ഗ്രസ് ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ താങ്കളെപോലുള്ളവരും നിലവിട്ട് പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നതില്‍ പ്രസിഡന്റിന് അമര്‍ഷമുണ്ട്...' എന്നാണ് ബല്‍റാമിനോട് മുതിര്‍ന്ന നേതാവ് പറഞ്ഞത്.

അശോകന്‍ ചരുവിലിനെ ഫേസ്ബുക്ക് ചാറ്റ്‌ബോക്‌സില്‍  സംവാദത്തിനിടെയാണ് 'എമ്പോക്കി അശോകാ' എന്നഭിസംബോധന ചെയ്ത വി ടി ബല്‍റാം 'പുന്നാര മോനെ' എന്ന് വിശേഷിപ്പത്. വി ടി ബല്‍റാമിന്റെ ഈ അസഭ്യപ്രയോഗത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അശോകന്‍ ചെരുവില്‍ തന്നെയാണ് പുറത്തുവിട്ടത്. കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍ ബല്‍റാമിന്റെ ഈ പ്രവൃത്തിയെ തള്ളിപ്പറയുന്ന നിലപാടാണ് എടുക്കുന്നത്. നെഗറ്റീവ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ബല്‍റാം ഇത്തരത്തിലുള്ള തറവേലയുമായി നടക്കുന്നതെന്നായിരുന്നു ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവനേതാവിന്റെ പ്രതികരണം.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മലയാളികള്‍ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചതിനെ എതിര്‍ത്ത് വിടി ബല്‍റാം ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ സംവാദം നടക്കവെയാണ് വിടി ബല്‍റാം കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരനെ അസഭ്യം പറഞ്ഞത്. കോണ്‍ഗ്രസ്സ് നേതാക്കളില്‍ നിന്നും മാന്യമായ പെരുമാറ്റം മാത്രമേ തനിക്ക് ഇന്നുവരെയുണ്ടായിട്ടുള്ളൂ എന്നും ആ പരിചയത്തിന്റെ പുറത്താണ് സംവാദത്തിനു ചെന്നതെന്നും അശോകന്‍ ചെരുവില്‍ പറഞ്ഞു. വിടി ബല്‍റാം എന്ന യുവാവായ പൊതുപ്രവര്‍ത്തകന്റെ പതനത്തില്‍ താന്‍ അതിയായി ഖേദിക്കുന്നതായി അശോകന്‍ ചെരുവില്‍ പറഞ്ഞു. വിടി ബല്‍റാമിനെ 'നീ' എന്ന് വിശേഷിപ്പിച്ച് തൃത്താലയിലെ ഒരു വോട്ടര്‍ ഇട്ട കമന്റ് താന്‍ ലൈക്ക് ചെയ്തതാണ് വിടി ബല്‍റാമിനെ പ്രകോപിപ്പിച്ചതെന്ന് അശോകന്‍ ചരുവില്‍ വ്യക്തമാക്കി.

അതേസമയം പുന്നാര മോനേ, എമ്പോക്കീ എന്നൊക്കെ തന്നെ വിശേഷിപ്പിച്ചുള്ള ഒരാളുടെ കമന്റ് ലൈക്ക് ചെയ്യുകയും അത് ന്യായീകരിക്കുകയും ചെയ്തതിനാലാണ്  അതേതരത്തില്‍ മറുപടി പറഞ്ഞതെന്നാണ് തൃത്താല എംഎല്‍എയുടെ വിശദീകരണം. രാഹുല്‍ഗാന്ധി ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ എം എല്‍ എ ആക്കിയ യുവനേതാവിന്റെ ചെയ്ത്തുകള്‍ രാഹുല്‍ഗാന്ധിക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധത്തിലായിരിക്കുകയാണ്. പരസ്യമായി മാപ്പ് പറയാന്‍ എ ഐ സി സി ബല്‍റാമിനോട് നിര്‍ദേശിക്കണമെന്നാണ് പല മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.   

01-Sep-2018