ബംഗാളിൽ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് അധീര്‍ രഞ്ജന്‍ ചൗധരി

പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച് അധീർ രഞ്ജൻ ചൗധരി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിക്കുണ്ടായ തിരിച്ചടി അവലോകനം ചെയ്യുന്നതിനായി ചേർന്ന പിസിസി യോഗത്തിന് ശേഷമാണ് രാജി പ്രഖ്യാപനം. അതേസമയം രാജി സ്വീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മല്ലികാർജൻ ഖാർഗെ ദേശീയ അധ്യക്ഷനായ ശേഷം സംസ്ഥാന അധ്യക്ഷൻ ഇല്ലായിരുന്നുവെന്നും ഇപ്പോൾ മുഴുവൻ സമയം അധ്യക്ഷനെ നിയമിക്കുമ്പോൾ നിങ്ങൾക്ക് എല്ലാം മനസ്സിലാകുമെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു. രാജി പ്രഖ്യാപനത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അധീർ രഞ്ജൻ ചൗധരി.

പി. ചിദംബരം കഴിഞ്ഞ ദിവസം മമതാ ബാനർജിയുമായി കൂടിക്കാഴ്ച‌ നടത്തുകയും ചെയ്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. മമതയുടെ കടുത്ത വിമർശകനായ അധീർ ബംഗാളിൽ ഇടതുപക്ഷത്തോടൊപ്പം സഖ്യമുണ്ടാക്കുന്നതിലായിരുന്നു കൂടുതൽ മുൻഗണന നൽകിയിരുന്നത്. അധീറിന്റെ രാജി കോൺഗ്രസ് നേതൃത്വം സ്വീകരിക്കുകയാണെങ്കിൽ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ഇഷാ ഖാൻ ചൗധരി എത്തുമെന്നാണ് സൂചന. ബംഗാളിലെ കോൺഗ്രസിൻ്റെ ഏക ലോക്‌സഭാ അംഗമാണ് ഇഷാ ഖാൻ ചൗധരി.

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന അധീർ രഞ്ജൻ ചൗധരി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ഇതിൻ്റെ പേരിൽ ഇടഞ്ഞിരുന്നു.

21-Jun-2024