കേരളത്തിലെ പാചകവാതക പ്രതിസന്ധി; കേന്ദ്ര മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

കേരളത്തിൽ രൂക്ഷമാകുന്ന പാചകവാതക പ്രതിസന്ധിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പെട്രോളിയം മന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് പാചകവാതകത്തിന്റെ ലഭ്യത കുറയുന്നത് ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.

വാതകവിതരണം തടസ്സപ്പെടുന്നതോടെ സംസ്ഥാനത്തെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടലുകളെ ആശ്രയിച്ച് കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ഇതുമൂലം വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

പാചകവാതക വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ദൈനംദിന ജീവിതം ഗുരുതരമായി ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് കേരളം ഉൾപ്പെടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പാചകവാതക വിതരണത്തിൽ പ്രതിസന്ധി അനുഭവപ്പെടുന്നത്. നിലവിൽ റമദാൻ മാസം തുടരുന്നതിനാൽ വാതക ക്ഷാമം തുടരുകയാണെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാൻ ഇടയുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സാധാരണ ജനങ്ങൾക്കും ഹോട്ടൽ മേഖലയിലും ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും ഈ പ്രശ്നം വലിയ ബാധ്യതയായി മാറാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര സർക്കാർ എത്രയും വേഗം ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായാൽ ബജറ്റ് വിഭവങ്ങളിൽ നിന്ന് സബ്സിഡി നൽകിക്കൊണ്ട് സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ നിർദേശിച്ചു.

11-Mar-2026