നീറ്റ് ക്രമക്കേട്; പരീക്ഷ റദ്ദാക്കാൻ സാഹചര്യമുണ്ടെന്ന് സുപ്രീം കോടതി
അഡ്മിൻ
നീറ്റ് ചോദ്യപേപ്പർ ചോർച്ച അടക്കം അതീവ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനു ശേഷം പരീക്ഷ തന്നെ റദ്ദാക്കാൻ സാഹചര്യമുണ്ടെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച അവധിക്കാല ബെഞ്ചാണ് ഇക്കാര്യം സൂചിപ്പിച്ചത്.
അവധി കഴിഞ്ഞ് ജൂലായ് എട്ടിന് എല്ലാ ഹർജികളും ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന ബെഞ്ച് പരിഗണിക്കും. മേയ് അഞ്ചിന്റെ മെയിൻ പരീക്ഷ തന്നെ റദ്ദാക്കാൻ സാഹചര്യമുള്ളതിനാൽ പുനഃപരീക്ഷ തടയുന്നതിൽ കാര്യമില്ലെന്നും ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.
1,563 പേർക്കായി ഞായറാഴ്ച എൻ.ടി.എ നടത്തുന്ന പുനഃപരീക്ഷയും ജൂലായ് ആറിന് തുടങ്ങുന്ന മെഡിക്കൽ കൗൺസലിംഗും മാറ്റിവയ്‌ക്കണമെന്ന ഹർജികളിൽ ഇടപെടാൻ ബെഞ്ച് വിസമ്മതിച്ചു. നിശ്ചയിച്ച കൗൺസലിംഗ് നടത്തുമെന്നാണ് സർക്കാരിന്റെയും നിലപാട്. കൗൺസലിംഗ് അനുവദിക്കരുതെന്ന അഭ്യർത്ഥന നിരസിച്ച ജസ്റ്റിസ് ഭാട്ടി, അത് തുടർപ്രക്രിയ മാത്രമാണെന്ന് ചൂണ്ടിക്കാട്ടി. പ്രവേശന നടപടികൾ അന്തിമ വിധിക്ക് വിധേയമാണെന്ന് കോടതി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.