സുരേഷ് ഗോപിയുടേത് പ്രോട്ടോകോൾ ലംഘനം: മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
ഗവർണറെയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന നിലപാടാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കൈക്കൊണ്ടതെന്നും ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരള ഒളിംപിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിംപിക് റണ്ണിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് സംഭവം.
പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടിസിൽ സുരേഷ് ഗോപിയുടെ പേരില്ലായിരുന്നു. രാവിലെ പ്രോഗ്രാം നോട്ടിസിലാണ് സുരേഷ് ഗോപിയുടെ പേര് ഇടം പിടിച്ചത്. ഗവർണർ പങ്കെടുത്ത ചടങ്ങ് തുടങ്ങിയപ്പോൾത്തന്നെ ബഹിഷ്കരണമെന്നോണം സുരേഷ് ഗോപി വേദിയിൽ നിന്നിറങ്ങി വിദ്യാർഥികൾക്കിടയിൽ ചെന്ന് നിന്നു. ഇതോടെ വിദ്യാർഥികൾക്കിടയിൽ ബഹളമായി.
ദേശീയഗാനാലാപനത്തിനുശേഷം പ്രസംഗവും അതിനുശേഷം ഒളിംപിക് റണ്ണിന്റെ ഫ്ലാഗ് ഓഫുമായിരുന്നു ഗവർണർ നടത്തേണ്ടിയിരുന്നത്. എന്നാൽ അതിനുമുൻപു തന്നെ സുരേഷ് ഗോപി കുട്ടികൾക്കിടയിൽനിന്ന് ഫ്ലാഗ് ഓഫ് നടത്തി.
ഗവർണർ, പൊതുവിദ്യാഭ്യാസ മന്ത്രി, ഭക്ഷ്യ -സിവിൽ സപ്ലൈസ് മന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു ഇത്. കമ്മിഷണർ സിനിമയിലെ പൊലീസ് ഓഫിസർ ആണ് താൻ ഇപ്പോഴും എന്ന ധാരണയിലാണ് സുരേഷ് ഗോപിയെന്നും ജനപ്രതിനിധിയാണെന്ന തോന്നൽ ഉണ്ടായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.