ഭരണഘടന ഉയർത്തിപ്പിടിച്ച് കേരളത്തിലെ എംപിമാർ; ലോക്സഭയിൽ സത്യപ്രതിജ്ഞ

കേരളത്തില്‍ നിന്നുള്ള 17 എംപിമാർ ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് ലോക്സഭാ ഹാളില്‍ പ്രോ ടെം സ്പീക്കർക്ക് മുന്നിലായിരുന്നു സത്യപ്രതിജ്ഞ.രാജ്മോഹൻ ഉണ്ണിത്താൻ, കെ. സുധാകരൻ, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ , അബ്ദുസമദ് സമദാനി, വി .കെ. ശ്രീകണ്ഠൻ, കെ. രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്‍റോ ആന്‍റണി, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ് എംപിമാരായി സത്യപ്രതിജ്ഞ ചെയ്തത്.

ഷാഫി പറമ്പിൽ , കെ.സി. വേണുഗോപാല്‍, എൻ.കെ. പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എന്നിവർ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. ഹൈബി ഈഡൻ ഹിന്ദിയിലാണ് സത്യപ്രതിജ്ഞചെയ്തത്. മറ്റ് എംപിമാർ മലയാളത്തിലും സത്യപ്രതിജ്ഞചെയ്തു. ദൈവനാമത്തില്‍ മറ്റ് നേതാക്കള്‍ പ്രതിജ്ഞയെടുത്തപ്പോള്‍ കെ. രാധാകൃഷ്ണൻ ദൃഢപ്രതിജ്ഞയാണ് ചെയ്തത്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി രാവിലെ എംപിയായി സത്യപ്രതിജ്ഞചെയ്തിരുന്നു.

24-Jun-2024