റിപ്പോർട്ടർ വിട്ടു ; നികേഷ് കുമാർ ഇനി സജീവ രാഷ്ട്രീയത്തിലേക്ക്

ഇരുപത്തിയെട്ടു വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം വി നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് ചാനല്‍ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയില്‍ അറിയിച്ചു. സിപിഎം അംഗമായി പൊതു രംഗത്ത് പ്രവര്‍ത്തിക്കാനാണ് നികേഷ് കുമാറിന്റെ തീരുമാനം.

തനിക്ക് പൊതുരംഗത്ത് സജീവമായി നിൽക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം റിപ്പോർട്ടർ ടിവിയിലെ പ്രത്യക പരിപാടിയിൽ അറിയിച്ചു. 'ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്‌നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,' എം വി നികേഷ് കുമാര്‍ പറഞ്ഞു

കേരള രാഷ്ട്രീയത്തിലെ അതികായനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സിഎംപി സ്ഥാപകനുമായ എംവി രാഘവൻ്റെ മകനായ നികേഷ് നേരത്തെ അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ നിന്നും സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും തോൽക്കുകയായിരുന്നു.

ഏഷ്യാനെറ്റിലൂടെയാണ് നികേഷ് കുമാറിൻ്റെ മാധ്യമപ്രവർത്തന ജീവിതം ആരംഭിക്കുന്നത്. പിന്നീട് കേരളത്തിലെ ആദ്യ മുഴുവന്‍സമയ വാര്‍ത്താ ചാനലായ ഇന്ത്യവിഷൻ ആരംഭിച്ചപ്പോൾ അതിന്റെ സിഇഒയായി പ്രവർത്തിച്ചു. തുടർന്ന് 2011ൽ റിപ്പോർട്ടർ ടിവി ആരംഭിച്ചു. കേരളത്തിൽ മാധ്യമപ്രവർത്തകൻ ആരംഭിച്ച ആദ്യത്തെ ചാനലായിരുന്നു റിപ്പോർട്ടർ. മാധ്യമപ്രവർത്തന രംഗത്തെ മികവിന് 'ദ ഇന്ത്യൻ എക്സ്പ്രസ്' നൽകുന്ന ഗോയങ്ക അവാർഡും നികേഷ് കരസ്ഥമാക്കിയിട്ടുണ്ട്.

25-Jun-2024