ഇന്ധന വില വര്‍ധിക്കുന്നത് അമേരിക്ക മൂലം : പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്
അഡ്മിൻ
ഭുവനേശ്വര്‍: രാജ്യത്തെ ഇന്ധന വില അസാധാരമായ വിധത്തില്‍ ഉയരുന്നതിന് കാരണം അമേരിക്കയുടെ നയങ്ങളാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. പെട്രോളിന്റേയും ഡീസലിന്റേയും വില ക്രമാതീതമായി ഉയരുന്നത് ആശങ്കാജനകമാണ്. വില നിയന്ത്രിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ച് വരികയാണെന്നും ധര്‍മ്മേന്ദ്ര പ്രധാന് പറഞ്ഞു.
അമേരിക്കയുടെ വികല നയങ്ങള്‍ മൂലം വിവിധ രാജ്യങ്ങളുടെ കറന്‍സികളുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യന്‍ രൂപയ്ക്കും തകര്‍ച്ച നേരിട്ടു. ഇതാണ് ഇന്ധനവില കുതിച്ചുയരാന്‍ കാരണമെന്നും മന്ത്രി വിശദീകരിച്ചു. രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡോയിലിന്റെ വില വര്‍ധനയുമാണ് ഇന്ധനവില വര്‍ധിക്കാന്‍ കാരണം. ഇന്ധന വിലയും ഡോളറിനെതിരായ രൂപയുടെ മൂല്യവും റെക്കോഡ് നിരക്കിലാണ്. ഡോളറിനെതിരെ 71 രൂപയാണ് ശനിയാഴ്ചത്തെ വിനിമയ നിരക്ക്. ഇന്ധന വിലയും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. പെട്രോള്‍ വില ലിറ്ററിന് 82 രൂപ കടന്നു.
രാജ്യമാകെ ഇന്ധനവില കുതിച്ചുയരുന്നതിനെതിരെ പ്രതിഷേധമുയരുമ്പോള്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്ന കേന്ദ്രമന്ത്രിയുടെ പ്രതികരണം അപഹാസ്യമായാണ് വിലയിരുത്തുന്നത്. ഇന്ത്യ അമേരിക്കയുടെ സാമന്തരാജ്യമാണെന്ന ആരോപണത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.