കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചു
അഡ്മിൻ
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. ഏപ്രിൽ ആദ്യം 150 കോടി രൂപ നൽകിയിരുന്നു. രണ്ടാം ഇടതു സർക്കാർ ഇതുവരെ 2795 കോടി രൂപയാണ് പദ്ധതിക്കായി നൽകിയത്. ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപയാണ്.
കുടുംബത്തിന് പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിൽസ ഉറപ്പാക്കുന്ന പദ്ധതിയിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം കുടുംബങ്ങൾ ഗുണഭോക്താക്കളാണ്. സ്‌റ്റേറ്റ് ഹെൽത്ത് ഏജൻസി വഴി നടപ്പിലാക്കിയ പദ്ധതിയിൽ, 1050 രൂപയാണ് ഒരു കുടുംബത്തിന്റെ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുള്ളത്.
ഇതിൽ 631 രൂപ 20 പൈസ വീതം 23.97 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് പ്രീമിയത്തിൽ കേന്ദ്ര സഹായമുള്ളത്. ഈ കുടുംബങ്ങൾക്ക് ബാക്കി തുക സംസ്ഥാനം നൽകുന്നു. പുറമെയുള്ള 18.02 ലക്ഷം പേരുടെ പ്രീമിയത്തിന്റെ മുഴുവൻ തുകയും സംസ്ഥാനമാണ് വഹിക്കുന്നത്.