രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ അനുമോദിച്ച്
അഡ്മിൻ
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആദ്യ പ്രസംഗം ലോക്‌സഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ അനുമോദിച്ച്. ഇത്തവണ പ്രതിപക്ഷത്തിനു ലഭിച്ച മെച്ചപ്പെട്ട ജനപിന്തുണ എടുത്തുപറഞ്ഞ രാഹുൽ, പ്രതിപക്ഷത്തിന്റേത് ജനത്തിന്റെ ശബ്ദമാണെന്നും അതിനു സഭയിൽ വേണ്ടത്ര അവസരം ലഭിക്കണമെന്നും പറഞ്ഞു.
'സഭയിൽ സഹകരണം സുപ്രധാനമാണ്. അതിനു വിശ്വാസം പ്രധാനമാണ്. നന്നായി സഭ നടത്തിക്കൊണ്ടുപോകുന്നു എന്നതിനേക്കാൾ പ്രധാനം ജനത്തിന്റെ ശബ്ദം പ്രതിപക്ഷത്തിലൂടെ വ്യക്തമാക്കാൻ അനുവദിക്കുന്നു എന്നതാണ്.
ആ ശബ്ദത്തെ അമർത്തുകയെന്നതു ജനാധിപത്യവിരുദ്ധമായ ആശയമാണ്. ഭരണഘടനയെ സംരക്ഷിക്കുകയെന്ന കർത്തവ്യം സ്പീക്കർ നിർവഹിക്കുമെന്നു പ്രതീക്ഷിക്കുന്നു' രാഹുൽ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭയിൽ പ്രതിപക്ഷ അംഗങ്ങളെ സസ്‌പെൻഡ് ചെയ്തതിനെ തൃണമൂൽ കോൺഗ്രസ് നേതാവ് സുദീപ് ബന്ധോപാധ്യായ അപലപിച്ചു. വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ അനുമോദിച്ചുള്ള പ്രസംഗത്തിലാണ് സുദീപ് വിമർശനം നടത്തിയത്.