സംസ്ഥാനത്തെ ആശുപത്രികളുടെ പേര് 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍' എന്നാക്കി മാറ്റുമെന്ന് വ്യാജ പ്രചാരണം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും.

നെയിം ബോര്‍ഡുകളില്‍ ആ പേരുകളാണ് ഉണ്ടാകുക. ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍', 'ആരോഗ്യം പരമം ധനം' എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

സബ് സെന്ററുകള്‍ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെല്‍ത്ത് സെന്റര്‍, പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി), അര്‍ബന്‍ ഫാമിലി ഹെല്‍ത്ത് സെന്റര്‍ (യു.പി.എച്ച്.സി), അര്‍ബന്‍ പബ്ലിക് ഹെല്‍ത്ത് സെന്റേഴ്‌സ് എന്നിവയുടെ പേരാണ് ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്നു മാറ്റുന്നതെന്നായിരുന്നു വാര്‍ത്ത.

മലയാളത്തിലും ഇംഗ്ലീഷിലും ബോര്‍ഡില്‍ പേര് എഴുതണം. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആര്‍ദ്രം മിഷന്റെയും ലോഗോ ബോര്‍ഡില്‍ ഉണ്ടായിരിക്കണം. ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിറക്കിയതായും വ്യാപക പ്രചാരണം നടന്നിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്ത നിഷേധിച്ച് മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള പ്രതികരണം.

28-Jun-2024