പരിസ്ഥിതി സംരക്ഷിച്ച് നവകേരളം സാധ്യമാക്കും : കോടിയേരി

തിരുവനന്തപുരം  : പ്രളയാനന്തര കേരളത്തെ പുനസൃഷ്ടിയിലൂടെ നവകേരളമായി വാര്‍ത്തെടുക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ അവിടെ തന്നെ വീട് നിര്‍മിച്ച് താമസിക്കാനാണ് ആഗ്രഹിക്കുക. എന്നാല്‍, തുടര്‍ച്ചയായി മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുന്ന സ്ഥലത്ത് ഇനിയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  നടത്തുന്നത് പുനപരിശോധിക്കണം. ഇത്തരം സ്ഥലങ്ങളില്‍ വീട് നഷ്ടപ്പെട്ടവരെ ഇവിടങ്ങളില്‍ നിന്ന് മാറ്റി സുരക്ഷിതമായി പുനരധിവസിപ്പിക്കണം. അതിനായി ഭൂമി കണ്ടെത്താനുള്ള ശ്രമങ്ഹള്‍ നടത്തണം. തിരുവനന്തപുരം പ്രസ് ക്ലബ്ബ്സംഘടിപ്പിച്ച പ്രളയാനന്തര കേരളം എന്ന ടോക് ഷോയില്‍ സംസാരിക്കുകയായിരുന്നു  കോടിയേരി.

സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിനായി കേരളത്തില്‍ വാസയോഗ്യമായ സ്ഥലങ്ങള്‍, വാസയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ എന്നിവ കണ്ടെത്തുകയും തുടര്‍ന്ന് വാസയോഗ്യമായ സ്ഥലത്ത് മാത്രം താമസത്തിന് അനുമതി കൊടുക്കുകയും ചെയ്യണം. ഇത്തരം സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി പഠനവും  ചര്‍ച്ചയും നടത്തണം. കേരളത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള പുനര്‍നിര്‍മാണമാണ് സാധ്യമാക്കേണ്ടത്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി അവരുടെ സാധ്യതകളും മേല്‍നോട്ടവും ഉപയോഗപ്പെടുത്തി പുനര്‍നിര്‍മാണം സാധ്യമാക്കണം. നിലവിലെ നിര്‍മാണ രീതിയില്‍ മാറ്റം വരുത്താന്‍ കഴിയുമോയെന്നും, പുതിയ നിര്‍മാണ പ്രക്രിയയിലേക്ക് മാറാന്‍ പറ്റുമോ എന്നും നോക്കണം. കൂടുതല്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്തി കൂടുതല്‍ ആളുകളെ പുനരധിവസിപ്പിക്കണം. ഇവിടെ വീടുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയുണ്ടാക്കി കൂടുതല്‍ ആളുകള്‍ക്ക്  താമസിക്കാന്‍ പറ്റുന്ന വിധത്തില്‍ സൗകര്യങ്ങളൊരുക്കണം.

പുനര്‍നിര്‍മാണത്തിന്റെ ഘട്ടത്തിലുണ്ടാവുന്ന ഒരു പ്രതിസന്ധി, അസംസ്‌കൃത വസ്തുക്കളുട ലഭ്യതയാവും. തകര്‍ന്ന വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ മറ്റ് സംവിധാനങ്ങള്‍ എന്നിവ പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത പ്രധാന പ്രശ്‌നമായി ഉയര്‍ന്ന് വരും. ഈയൊരു സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള പുനര്‍നിര്‍മാണമാണ് നാം സാധ്യമാക്കേണ്ടത്.

പ്രളയാനന്തര കേരളം പുനര്‍നിര്‍മിക്കാന്‍ ആവശ്യമായ സമ്പത്ത് കണ്ടെത്തേണ്ടതുണ്ട്. പദ്ധതി വിഹിതത്തേക്കാള്‍ വലിയ നഷ്ടമാണ് സംസ്ഥാനം ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. കൂട്ടായ ഇടപെപെടലൂകള്‍ നടത്തി വ്യത്യസ്ത വഴികളിലൂടെ സമ്പത്ത് കണ്ടെത്താം. കേരളത്തിനകത്ത് നിന്ന് മാത്രം പരിഹരിക്കാന്‍ പറ്റുന്ന ഒന്നല്ല അത്. മറ്റ് രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ മാറ്റണം. സംസ്ഥാനത്തെ സഹായിക്കണമെന്ന കൂട്ടായ അവബോധം ഉയര്‍ന്നുവരണം. ഗുജറാത്ത് ഭൂകമ്പം ഉണ്ടായപ്പോള്‍ കേന്ദ്രം അവരോട് കാണിച്ച പരിഗണന കേരളത്തോടും കാണിക്കണം.  കേന്ദ്ര സര്‍ക്കാരിനെ  ഉള്‍പ്പെടുത്തി വിദേശ സഹായം ലഭ്യമാക്കണം. പ്രവാസികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണം.  ലോക കേരള സഭയുടെ സഹായത്തോടെ മറ്റ് പല രാജ്യങ്ങളിലുമുള്ളവരുടെ സഹായം, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ സഹായം തുടങ്ങിയവയും ലഭ്യമാക്കണം.

എല്ലാം മലയാളികളും ഒരു മാസത്തെ ശമ്പളം  നല്‍കിയാല്‍ അത് കേരളം ലോകത്തിന് കാണിക്കുന്ന വലിയ മാതൃകയാവും. പുനരധിവാസത്തിനുള്ള സമ്പത്ത് കണ്ടെത്താന്‍ സാധിക്കുകയും ചെയ്യും. പ്രാദേശികമായി ഫണ്ട് ലഭ്യമാക്കുന്നതിന് നല്ല പ്രതികരണമാണ് ലഭിച്ചത്. സിപിഐ എം 25 കോടിയിലധികം രൂപ ഇതുവരെയായി സംഭരിച്ചു. ഇനിയും പ്രാദേശികമായി സംഭരിക്കുന്നതും അയച്ചു കൊടുക്കും. നമ്മുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ആന്തരിക വിഭവ സമാഹരണം ശക്തമാക്കിയാല്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സാധിക്കും കോടിയേരി പറഞ്ഞു.




01-Sep-2018