കോലിയും രോഹിത് ശർമയും അന്താരാഷ്ട്ര ടി20-യില്‍ നിന്ന് വിരമിക്കുന്നു
അഡ്മിൻ
വിരാട് കോലിക്കു തൊട്ടു പിന്നാലെ അന്താരാഷ്ട്ര ടി20-യില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശർമയും. ബാർബഡോസില്‍ നടന്ന ആവേശകരമായ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം ചൂടിയതിനു പിന്നാലെയാണ് രണ്ട് സീനിയർ താരങ്ങളുടെയും വിരമിക്കല്‍ പ്രഖ്യാപനം. മത്സര വിജയശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് രോഹിത്തിന്റെ പ്രഖ്യാപനം.
ഫൈനല്‍ തന്റെ അവസാന മത്സരമായിരുന്നെന്നും വളരെ ആസ്വദിച്ചാണ് ടി20 മത്സരങ്ങള്‍ കളിച്ചതെന്നും രോഹിത് വ്യക്തമാക്കി. അന്താരാഷ്ട്ര ടി20-യോട് വിടപറയാൻ ഇതിലും മികച്ച സമയമില്ല. അതിന്റെ എല്ലാ നിമിഷങ്ങളും ആസ്വദിച്ചു. ആഗ്രഹിച്ച കപ്പ് നേടിയെന്നും രോഹിത് പറഞ്ഞു. അതേസമയം ഏകദിന, ടെസ്റ്റ് മത്സരങ്ങളില്‍ തുടരുമെന്നും രോഹിത് അറിയിച്ചു.
വിരാട് കോലിയും രോഹിത് ശർമയും ഒരുമിച്ച് ടി20 ലോകകപ്പ് നേടുന്നത് ഇതാദ്യമാണ്. രോഹിത്തിന്റെ ക്യാപ്റ്റൻസിയില്‍ ഇന്ത്യ ഐ.സി.സി. ലോകകപ്പ് കിരീടം നേടുന്നതും ഇതാദ്യം. മത്സരത്തില്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ കോലിയാണ് താരം. കോലി ഫൈനലിലെ താരമായപ്പോള്‍ എട്ട് മത്സരങ്ങളില്‍നിന്ന് മികച്ച ഇക്കണോമിയോടെ 15 വിക്കറ്റുകള്‍ പിഴുത ബുംറ ടൂർണമെന്റിലെ താരമായി. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 176 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് നിശ്ചിത ഓവറില്‍ 169-ല്‍ അവസാനിച്ചു.