ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികള്‍ക്ക് എത്തപ്പെടാന്‍ സാധിക്കുന്ന കേന്ദ്രങ്ങളില്‍ വച്ച് ഡയാലിസിസ് നല്‍കുക എന്നതാണ് മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഹീമോഡയാലിസിസ് ചെലവേറിയതും ആശുപത്രിയില്‍ മാത്രം ചെയ്യാന്‍ കഴിയുന്നതുമായ പ്രക്രിയയാണ്. ഇതിന് പരിഹാരമായിട്ടാണ് താരതമ്യേന ചെലവു കുറഞ്ഞതും രോഗികള്‍ക്ക് സ്വന്തമായി വീട്ടില്‍ ചെയ്യാന്‍ സാധിക്കുന്നതുമായ പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുള്ളത്. പെരിറ്റോണിയല്‍ ഡയാലിസിസ് നിലവില്‍ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവന്‍ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്. നാളിതുവരെ 640 രോഗികള്‍ പെരിറ്റോണിയല്‍ ഡയാലിസിസിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് വീണ ജോർജ് നിയമസഭയിൽ അറിയിച്ചു.