രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിൽ വെട്ട്

രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗത്തിൽനിന്നുമുള്ള 'ഹിന്ദു', 'അഗ്നിവീർ' പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കി. ബിജെപിക്കെതിരായും, ആർഎസ്എസിനെതിരായുമുള്ള പരാമർശങ്ങളും നീക്കി.

രാഹുൽ​ ​ഗാന്ധിയുടെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. അ​ഗ്നിവീർ, കർഷകരുടെ പ്രശ്നങ്ങൾ, പഴയ പെൻഷൻ പദ്ദതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണ്. സർക്കാർ പുതിയതായിരിക്കും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാർഗങ്ങൾ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നൽകിയിരുന്നു. രാഹുലിന്റെ പരാമർശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളിൽനിന്ന് പരാമർശം നീക്കിയത്.

ഇവ കൂടാതെ ബിജെപി, ആർഎസ്എസ് എന്നിവർക്കെതിരായ പരാമർശങ്ങളും നീക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ ഇന്ന് മറുപടി പറയാനിരിക്കെയാണ് പരാമർശങ്ങൾ നീക്കിയത്.

02-Jul-2024