വര്‍ഗീയ രാഷ്ട്രീയത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമാണ് ജൂണ്‍ നാല്: അഖിലേഷ് യാദവ്

ലോക്സഭയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പരിഹാസവും കവിതയും ചേര്‍ത്താണ് മോദിക്കെതിരെ അഖിലേഷ് തന്റെ പ്രസംഗത്തില്‍ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടത്.

രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് അഖിലേഷ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നീറ്റ് പരീക്ഷ ചോദ്യ ചോര്‍ച്ചയും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്റെ വിശ്വാസ്യതയും അദ്ദേഹത്തിന്റെ പ്രസംഗ വിഷയങ്ങളായി.

‘അമൃത് കാല്‍’ യുവാക്കളുടെ പ്രതീക്ഷകളെ വിഷലിപ്തമാക്കിയിരിക്കുന്നു. പ്രതീക്ഷയെ കൊല്ലുന്ന സര്‍ക്കാരിന് വര്‍ത്തമാനകാലത്തെ മാറ്റാനോ ഭാവിയെ മികച്ചതാക്കാനോ കഴിയില്ല. അയോധ്യ സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സീറ്റില്‍ ‘ഇന്‍ഡ്യ’ ബ്ലോക്കിന്റെ വിജയം പക്വതയുള്ള ഇന്ത്യന്‍ വോട്ടറുടെ രാഷ്ട്രീയ ധാരണയുടെ വിജയമാണെന്നും അഖിലേഷ് പറഞ്ഞു.

രാമന്‍ ഉദ്ദേശിക്കുന്നത് സംഭവിക്കുമെന്ന് ഞങ്ങള്‍ കേട്ടിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ജാതി സെന്‍സസിനെ തന്റെ പാര്‍ട്ടി ശക്തമായി പിന്തുണയ്ക്കുന്നതായും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞു. ജാതി സെന്‍സസ് കൊണ്ട് സാമൂഹിക നീതി സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിവീര്‍ പദ്ധതി രാജ്യസുരക്ഷയില്‍ ഒത്തുത്തീര്‍പ്പ് ചെയ്യുകസയാണ്. ‘ഇന്‍ഡ്യ’ ബ്ലോക്ക് അധികാരത്തിലെത്തിയാല്‍ അഗ്നിവീര്‍ പദ്ധതി നിര്‍ത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്‍ഡ്യ’ മുന്നണി ഇന്ത്യക്ക് അനുകൂലമാണ്. പ്രതിപക്ഷ സഖ്യം ഇതിനകം ധാര്‍മിക വിജയം നേടി. വര്‍ഗീയ രാഷ്ട്രീയത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ അടയാളമാണ് ജൂണ്‍ നാല്. തകര്‍ച്ചയുടെ രാഷ്ട്രീയം പരാജയപ്പെടുകയും ഒന്നിക്കുന്ന രാഷ്ട്രീയം വിജയിക്കുകയും ചെയ്തു. ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ രാജ്യം എവിടെ സ്ഥാനം പിടിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കണം.

വിശപ്പ് സൂചികയിലും സന്തോഷ സൂചികയിലും ഞങ്ങള്‍ നില്‍ക്കുന്നത് എവിടെയാണെന്ന് സര്‍ക്കാര്‍ മറച്ചുവെക്കുന്നത് എന്തിനാണെന്നും അഖിലേഷ് ചോദിച്ചു. വ്യക്തിപരമായ അഭിലാഷങ്ങളാല്‍ രാജ്യം നയിക്കപ്പെടില്ല. മറിച്ച് ആളുകളുടെ ആഗ്രഹത്തിലാണ് നയിക്കപ്പെടേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ റോഡുകളില്‍ അഴിമതിയുടെ കുഴികളാണെന്നും സംസ്ഥാനത്തെ പ്രധാന നഗരത്തില്‍ ബോട്ടുകള്‍ ഓടുകയാണെന്നും ബിജെപി സര്‍ക്കാരിന്റെ അഭിമാന പദ്ധതികളെ പരിഹസിച്ച് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തെ നേട്ടം ഒരു മത്സര പരീക്ഷാ മാഫിയയുടെ പിറവിയാണെന്ന് നീറ്റ് പരീക്ഷ ചോദ്യ ചോര്‍ച്ചയുടെ പരിഹാസത്തില്‍ അദ്ദേഹം വിമര്‍ശിച്ചു. ഒരു യുവാവ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും തുടര്‍ന്ന് പേപ്പര്‍ ചോര്‍ന്നതായി അറിയുന്നു. എല്ലാ പരീക്ഷകളുടെയും പേപ്പറുകള്‍ ചോര്‍ന്നു. ഇപ്പോള്‍ ജൂണില്‍, രാജ്യത്തെ ഏറ്റവും അഭിമാനകരമായ പരീക്ഷയുടെ പേപ്പറാണ് ചോര്‍ന്നത്. അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് പേപ്പറുകള്‍ ചോരുന്നത് ജോലി നല്‍കാന്‍ ആഗ്രഹിക്കാത്തതിനാലാണ് സര്‍ക്കാര്‍ ഈ ചോര്‍ച്ചകള്‍ സൃഷ്ടിക്കുന്നത്.

02-Jul-2024