കേരളത്തിൽ സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നത് അഭിമാനകരം : മുഖ്യമന്ത്രി

ഓരോ വർഷവും കേരളത്തിൽ നിന്നുള്ള സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം വർധിക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച സിവിൽ സർവീസ് വിജയികൾക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആകെ 54 പേരാണ് കേരളത്തിൽ നിന്നും സിവിൽ സർവീസ് പരീക്ഷ ഇത്തവണ വിജയിച്ചത് 'കഴിഞ്ഞവർഷം ഇത് 37 ആയിരുന്നു.

2005 ൽ സിവിൽ സർവീസ് അക്കാദമി സ്ഥാപിക്കപ്പെട്ടതിനുശേഷം ഏറ്റവും അധികം വിജയികൾ ഉണ്ടായ വർഷമാണ് 2024. വിജയികളുടെ എണ്ണത്തിൽ മാത്രമല്ല പകരം സിവിൽ സർവീസ് ലക്ഷ്യമായി കാണുന്ന യുവതീയുവാക്കളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നുവെന്നതും സന്തോഷകരമാണ്.

2005ലെ നമ്മുടെ നാട്ടിൽ നിന്നുള്ള സിവിൽ സർവീസ് പരീക്ഷ വിജയികളുടെ എണ്ണം എട്ട് ആയിരുന്നെങ്കിൽ അക്കാദമിയുടെ വരവോടുകൂടി ഈ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങി. ഇന്ന് സിവിൽസർവീസ് അക്കാദമിക്ക് വിശാല സൗകര്യമുള്ള ഒരു കെട്ടിടം പണിതീർത്തിട്ടുണ്ട്. വിവിധ ആധുനിക സൗകര്യങ്ങൾ, വിപുലമായ ലൈബ്രറി അധ്യാപകർ എന്നിവ പ്രത്യേകതകളാണ്.

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വ്യക്തികൾ കൈകാര്യം ചെയ്യുന്ന ക്ലാസുകൾ മാതൃകാ അഭിമുഖങ്ങൾ എന്നിവയും അക്കാദമി നടത്തിവരുന്നു. വിദ്യാർഥികൾക്ക് മികച്ച പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

ഇതിന്റെ ഫലമാണ് വിദ്യാർഥികൾ നേടിയ തിളക്കമാർന്ന വിജയം. സിവിൽ സർവീസ് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പരിശീലനം ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

തിരുവനന്തപുരത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ നിരവധി സബ് സെന്ററുകളും നിലവിൽ പ്രവർത്തിച്ചു വരുന്നു. രാജ്യത്തിന്റെ പൊതുസേവനത്തിന്റെ ഭാഗമാകാൻ തയാറായവരെന്ന നിലയിൽ സേവനമേഖലയിലും ക്ഷേമ പ്രവർത്തനങ്ങളിലും കേരളത്തിന്റെ മാതൃക രാജ്യ വ്യാപകമാക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. രാജ്യത്തിന്റെ മികച്ച മാതൃകകൾ കേരളത്തിലേക്കെത്തിക്കുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണം

പുതിയ കാലത്ത് സിവിൽ സർവീസിന്റെ ഭാഗമാകുന്നവരെന്ന നിലയിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ മനസിലാക്കി അതിനൂതനമായ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ മാതൃകകൾ സൃഷ്ടിക്കാൻ കഴിയണം. കാലഹരണപ്പെട്ട മാമൂലുകൾ, മുൻവിധികൾ ഇവയൊക്കെ ഒഴിവാക്കി ജനസേവനത്തിന് അനുയോജ്യമായ സമീപനങ്ങളും മൂല്യങ്ങളും മനോഭാവങ്ങളും സ്വായത്തമാക്കണം. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്ന കാഴ്ചപ്പാട് പൂർണമായും ഉൾക്കൊള്ളണം.

മാറ്റങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവും സമഭാവനയോടെ ഉള്ള പെരുമാറ്റവും ഓരോരുത്തരെയും അവകാശത്തെ കുറിച്ചുള്ള അവബോധവും ദുർബലരായ മനുഷ്യരോടുള്ള സഹാനുഭൂതിയും ഏത് പ്രതികൂല സാഹചര്യത്തിലും ക്രിയാത്മകമായി ഇടപെടാനുള്ള ആത്മവിശ്വാസവും സിവിൽ സർവീസ് ഉദ്യോഗസ്ഥർ പുലർത്തണം. മാറുന്ന ലോകത്ത് അനുസരിച്ച് ഭരണനിർവഹണ ശൈലി മാറുന്നില്ലെങ്കിൽ അസംതൃപ്തിയിലേക്കും അസ്വസ്ഥത കളിലേക്കും നയിക്കും.

അതുകൊണ്ടുതന്നെ ഉന്നതനിലവാരമുള്ള പരിശീലനം പൂർത്തിയാക്കി സർവീസിൽ പ്രവേശിക്കുന്നവർ പുരോഗമനപരമായ മാറ്റങ്ങളുടെ പക്ഷത്ത് നിലയുറപ്പിക്കുകയും മതനിരപേക്ഷമായും നിയമാനുസൃതമായും മാറ്റങ്ങൾ പ്രാവർത്തികമാക്കാനുള്ള ആർജ്ജവവും സമർപ്പണവും പുലർത്തുകയും ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതൊരു വിഷയം നിങ്ങളുടെ പരിഗണനയ്ക്കു വരുമ്പോൾ ഏറ്റവും സാധാരണക്കാരന്റെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയാണ് നമ്മളെ നയിക്കേണ്ടത്.

വിദ്യാഭ്യാസം, ആരോഗ്യം ഭക്ഷണം എന്നിവ പോലെ തന്നെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തൊഴിലും ജനങ്ങളുടെ അവകാശമാണ് എന്ന ഉത്തമബോധ്യം ഉണ്ടായിരിക്കണം. അങ്ങനെ സമൃദ്ധിയിലേക്ക് ജയിച്ചു മുന്നേറാൻ സിവിൽ സർവീസ് വിജയികൾക്ക് കഴിയട്ടെയെന്നും കേരളത്തിൽ സേവനം ആരംഭിക്കുന്ന വർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.സി.ഇ.കെ ഡയറക്ടർ സുധീർ കെ സ്വാഗതമാശംസിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് ആശംസകളർപ്പിച്ചു. സിവിൽ സർവീസ് വിജയികൾ മറുപടി പ്രസംഗം നടത്തി. കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ഫാക്കൽറ്റി രാഹുൽ രാജേന്ദ്രൻ ചടങ്ങിന് നന്ദി പറഞ്ഞു.

02-Jul-2024