കേരളത്തിലെ 49 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന് പുറപ്പെടുവിക്കും. കണ്ണൂർ ജില്ലയിൽ മൂന്ന് വാർഡുകളിൽ തെരഞ്ഞെടുപ്പ് നടക്കും.

കണ്ണൂർ ജില്ലയിലെ തലശ്ശേരി നഗരസഭയിലെ വാർഡ് 18 പെരിങ്കളം (ജനറൽ), കാങ്കോൽ ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ വാർഡ് ഏഴ് ആലക്കാട് (സ്ത്രീ സംവരണം), പടിയൂർ കല്ല്യാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്ന് മണ്ണേരി(സ്ത്രീ സംവരണം) എന്നിവടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നാമനിർദ്ദേശപത്രിക ജൂലൈ നാല് മുതൽ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12 ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15 ആണ്.

വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ നിലവിൽ വന്നു. ഗ്രാമ പഞ്ചായത്തുകളിൽ ആ പഞ്ചായത്ത് പ്രദേശം മുഴുവനും മുനിസിപ്പാലിറ്റികളിൽ അതത് വാർഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം.

02-Jul-2024