മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ഭരണസ്തംഭനമുണ്ടാവില്ല : മന്ത്രി ഇ പി ജയരാജൻ
അഡ്മിൻ
തിരുവനന്തപുരം : വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ഭരണം എങ്ങനെയാണോ അതുപോലെ തന്നെ ഇനിയു തുടരും, ഭരണസ്തംഭനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ ക്യാമ്പില്‍ നിന്ന് തിരിച്ചു പോകുന്ന എല്ലാവര്‍ക്കും 10,000 രൂപ നല്‍കുകയും ചെയ്യും. ആരോഗ്യമേഖലകളില്‍ പ്രതിരോധത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ട്. പ്രതിരോധ മരുന്നുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇ പി ജയരാജന്‍ സ്വീകരിക്കും.
മുഖ്യമന്ത്രി പോയത് വൈദ്യപരിശോധനക്കാണ്. അത് പൂര്‍ത്തിയാകുന്ന പക്ഷം മടങ്ങി വരും. എപ്പോഴാണെന്ന് പരിശോധന കഴിഞ്ഞാലെ പറയാന്‍ കഴിയു. മന്ത്രിസഭായോഗമുള്‍പ്പടെ എല്ലാ സംവിധാനങ്ങളും കൃത്യമായി നടന്നുപോകും. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ആര് അദ്ധ്യക്ഷത വഹിക്കും എന്ന കാര്യം മന്ത്രിസഭാ യോഗം കഴിയുമ്പോള്‍ മനസിലാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി ജയരാജന്‍ പറഞ്ഞു.
ഇന്നു പുലര്‍ച്ചെ 4.40 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്രയായത്. ദുബായ് വഴിയാണ് അമേരിക്കയിലെത്തുക. ഭാര്യ കമലയും ഒപ്പമുണ്ട്. ശസ്ത്രക്രിയക്കും ചികിത്സയ്ക്കും ശേഷം 17ന് പിണറായി വിജയന്‍ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാഴ്ച്ചയ്ക്ക് ശേഷമായിരിക്കും മടക്കയാത്രയെ കുറിച്ചു തീരുമാനിക്കുക. ഇന്നലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സാദാശിവത്തെ മുഖ്യമന്ത്രി കാണുകയും അമേരിക്കയിലേക്ക് പോകുന്ന യാത്രയുടെ വിശദവിവരം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 19ന് ആയിരുന്നു ആദ്യം അമേരിക്കയിലേക്ക് പോകാന്‍ ഉദ്ദേശിച്ചിരുന്നത്. കേരളത്തില്‍ പ്രളയമുണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര മാറ്റി വെക്കുകയായിരുന്നു.