മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ റവന്യു വകുപ്പ്
അഡ്മിൻ
മാത്യു കുഴല്നാടന് എംഎല്‍എക്കെതിരെ റവന്യു വകുപ്പ്. കെട്ടിടം ഉള്ളത് മറച്ചുവെച്ച് മാത്യു കുഴല്നാടന് എംഎല്‍എ പുതിയ കെട്ടിട നിര്‍മ്മാണത്തിന് അനുമതി തേടിയെന്നാണ് നിയമസഭയില്‍ നില്‍കിയ മറുപടിയില്‍ റവന്യു വകുപ്പ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. 83.70 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം നിര്‍മിക്കാനാണ് അനുമതി തേടിയത്.
പരിശോധനയില്‍ സ്ഥലത്ത് കെട്ടിടം സ്ഥിതി ചെയ്യുന്നതായി കണ്ടെത്തി. സ്ഥലത്തെ സ്ഥിര താമസക്കാരാണെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തിയത് തെറ്റാണെന്ന് വ്യക്തമായതായും റവന്യു വകുപ്പ് മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയില്‍ മന്ത്രി കെ. രാജന് നല്കിയ ഉത്തരത്തിലാണ് കുഴല്നാടന് എതിരായ കണ്ടെത്തല്‍ വ്യക്തമാക്കിയിരിക്കുന്നത്.
വസ്തുവിന്റെ മുന്‍ കൈവശക്കാരായിരുന്ന അനിറ്റ അല്‍ഫോന്‍സ്, അമൃത അല്‍ഫോന്‍സ എന്നിവര്‍ വസ്തുവില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതിക്കായി നല്കിയ അപേക്ഷയില്‍ സ്ഥലത്ത് കെട്ടിടം ഉള്ളതായി സൂചിപ്പിച്ചിരുന്നില്ല. എന്നാല്‍ സ്ഥലം പരിശോധിച്ച് ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്ഥലത്ത് കെട്ടിടങ്ങള്‍ ഉള്ളതായി പരാമര്‍ശിച്ചിരുന്നു.
പിന്നീട് ടി കെട്ടിടങ്ങളില്‍ നിന്ന് മാറി 83.70 ച.മീ. വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന് നിര്‍മ്മാണാനുമതി ലഭിക്കുന്നതിന് നിലവിലെ കൈവശക്കാരനായ മാത്യു എ കുഴല്നാടന്, ടോണി സാബു, ടോം സാബു എന്നിവര്‍ ചേര്‍ന്ന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പരിശോധനയില്‍ അപേക്ഷയ്ക്ക് ആസ്പദമായ സ്ഥലത്ത് നിലവില്‍ NOC ലഭിക്കാതെ നിര്‍മ്മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു.