യുനസ്‌കോ ലോക പൈതൃക ഉച്ചകോടി ഇന്ത്യയില്‍

യുനസ്‌കോ വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കും. 21 മുതല്‍ 31 വരെയാണ് ലോക പൈതൃക സമിതിയുടെ 46-ാമത് സെഷനാണ് ഭാരത് മണ്ഡപം വേദിയാകുന്നത്.

195 രാജ്യങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, മുതിര്‍ന്ന നയതന്ത്രജ്ഞര്‍, പുരാവസ്തു വിദഗ്ധര്‍, ഗവേഷകര്‍ എന്നിവരടക്കം 2,500 ലധികം പ്രതിനിധികള്‍ പങ്കെടക്കും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) ആതിഥേയരാകുന്ന സമ്മേളനം 21 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

സമിതിയുടെ 45 -ാമത് സെഷന്‍ സൗദി അറേബ്യയിലെ റിയാദിലാണ് നടന്നത്. 2023 നവംബറില്‍ യുനസ്‌കോയുടെ 24-ാമത് ജനറല്‍ അസംബ്ലിയിലെ തിരഞ്ഞെടുപ്പിന് ശേഷം അര്‍ജന്റീന, ബെല്‍ജിയം, ബള്‍ഗേറിയ, ഗ്രീസ്, ഇന്ത്യ, ഇറ്റലി, ജമൈക്ക, ജപ്പാന്‍, ഖസാക്കിസ്ഥാന്‍, കെനിയ, ലെബനന്‍, മെക്സിക്കോ, ഖത്തര്‍, റിപ്പബ്ലിക് ഓഫ് കൊറിയ, റുവാണ്ട, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, സെനഗല്‍, തുര്‍ക്കിയെ, ഉക്രെയ്ന്‍, വിയറ്റ്നാം, സാംബിയ എന്നിവയാണ് സമിതിയിലെ അംഗങ്ങള്‍.

ലോക പൈതൃക കണ്‍വെന്‍ഷന്റെ ചുമതല ഈ കമ്മിറ്റിക്കാണ്. 1972 നവംബര്‍ 16 ന് 17-ാം സെഷനില്‍ യുനസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സ് അംഗീകരിച്ച ലോക സാംസ്‌കാരിക പ്രകൃതി പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷന്റെ കീഴിലാണ് ലോക പൈതൃക സമിതി സ്ഥാപിതമായത്.

05-Jul-2024