മരണം 47 . എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കാൻ തയ്യാറാവണം
അഡ്മിൻ
തിരുവനന്തപുരം : ജനങ്ങള്‍ കര്‍ശനമായി എലിപ്പനി പ്രതിരോധ മരുന്ന് കഴിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. പ്രതിരോധമരുന്ന് കഴിക്കാത്തതാണ് എലിപ്പനി മരണസംഖ്യ കൂട്ടിയത്. ജനങ്ങള്‍ കര്‍ശനമായി നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും, പ്രതിരോധ മരുന്നിന് ക്ഷാമമില്ലെന്നും മന്ത്രി വ്യക്തമാക്കി. 30 ദിവസത്തിനുള്ളില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ക്യത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതു പാലിക്കാത്തതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്കിടെ എലിപ്പനിയില്‍ വിറച്ച് കേരളം. പത്തനംതിട്ട റാന്നി സ്വദേശിയായ രഞ്ജു(27), എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍, വടകര സ്വദേശി നാരായണി, വടക്കന്‍ പറവൂര്‍ സ്വദേശി പുതിയതോട് പുന്നയ്ക്കല്‍ ഉത്തമന്‍( 48) കല്ലാനി അശ്വനി ഹൗസില്‍ രവി(59) തൊടുപുഴ ഒളമറ്റം സ്വദേശി ജോസഫ് മാത്യൂ(58) എന്നിവരാണ് ഇന്നു മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോസഫ് മാത്യൂ മരിച്ചത്. പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവരാണ് രഞ്ജുവും അനില്‍ കുമാറും. കോഴിക്കോട് ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ മരിച്ചു. ഞായറാഴ്ച സംസ്ഥാനത്ത് പത്തു പേരാണ് മരിച്ചത്. ഇതോടെ എലിപ്പിനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 47 ആയി.
എലിപ്പനി മരണം കൂടുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി ആരോഗ്യവകുപ്പ് അധികൃതരുടെ യോഗം വിളിച്ചു. ഇന്ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നതമ് ജില്ലാ കളക്ടര്‍, ഡിഎംഒ തുടങ്ങിയവരുള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും. സ്ഥിതി ഗുരുതരമാണെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മരുന്നു കഴിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ശക്തമായ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം. പ്രളയജലവുമായി സമ്പര്‍ക്കമുണ്ടായവര്‍ പ്രതിരോധമരുന്നായ ഡോക്‌സിസൈിന്‍ ഗുളിക കഴിക്കണം. എലിപ്പനി ബാധിതരെ കിടത്താന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കി. വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. ഡോക്‌സിസൈിനും ചികിത്സയ്ക്ക് ആവശ്യമായ പെനിസിലിനും എല്ലാ ആശുപത്രികളിലും ഉറപ്പാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ഇതുവരെ 19 പേരാണു പനി മൂലം മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 142 പേര്‍ പനിക്കു ചികിത്സതേടി. ഇതില്‍ 38 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. മലപ്പുറത്തു പത്തുപേരില്‍ എലിപ്പനി സ്ഥിരീകരിച്ചു. 48 പേര്‍ നിരീക്ഷണത്തിലാണ്. തൃശൂരില്‍ 54 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇവരില്‍ 14 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്ത് 12 പേര്‍ എലിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടി. എലിപ്പനി ബാധിച്ചതായി സംശയിക്കപ്പെടുന്നവരുടെ എണ്ണം ഇതോടെ 26 ആയി. വയറിളക്കരോഗങ്ങള്‍ ബാധിച്ച് 64 പേരും ചിക്കന്‍ പോക്‌സ് ബാധിച്ച് രണ്ടുപേരും ഇന്നലെ ചികിത്സ തേടി. മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജില്‍ 22 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.
03-Sep-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ