സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്നവർക്ക് സ്വാഗതവുമായി കോൺഗ്രസ്
അഡ്മിൻ
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി കോൺഗ്രസ് പാർട്ടി. സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്നവർ നിശ്ചിത തുകയടച്ച് അപേക്ഷാ ഫോമുകൾ പൂരിപ്പിച്ചുനൽകണമെന്ന് പാർട്ടി നിർദ്ദേശം നൽകി.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്ക് ഒക്ടോബറോടെ തെരഞ്ഞെടുപ്പുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതിനായി ഒരുമുഴം മുൻപേ തയ്യാറെടുക്കുകയാണ് കോൺഗ്രസ് പാർട്ടി. സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്നവർ പാർട്ടി ഓഫിസിൽ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് ഓഗസ്റ്റ് പത്താം തിയ്യതിക്കുള്ളിൽ നൽകണമെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചു.
ജനറൽ വിഭാഗത്തിൽപ്പെട്ട സ്ഥാനാർത്ഥികൾക്ക് അപേക്ഷിക്കാൻ 20,000 രൂപയും, വനിത, പട്ടികജാതി, പട്ടികവർഗ വിഭാഗ സ്ഥാനാർത്ഥികൾക്ക് അപേക്ഷിക്കാൻ 10,000 രൂപയുമാണ് ഫീസ്. നിയമസഭാ തെരഞ്ഞെടുപ്പിന് പാർട്ടി സജ്ജമാണെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ അറിയിച്ചിരുന്നു. സഖ്യധാരണകൾ പ്രകാരമാണ് മത്സരിക്കുകയെങ്കിലും എല്ലാ സീറ്റിലും മത്സരിക്കുന്നുവെന്ന വാശിയിലായിരിക്കും പാർട്ടി പ്രവർത്തിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു.
എൻസിപി ശരത് പവാർ വിഭാഗം, ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും കോൺഗ്രസും ഉൾപ്പെടുന്ന മഹാ വികാസ് അഘാടി സഖ്യം 288 സീറ്റുകളും തത്തുല്യമായി വീതിച്ചെടുക്കുമെനായിരുന്നു ആദ്യ സൂചന. എന്നാൽ ഇവയിൽ ഇനിയും ചർച്ചകൾ നടക്കുമെന്ന് മൂന്ന് പാർട്ടികളുടെയും വക്താക്കൾ അറിയിച്ചിരുന്നു.