ചോദ്യപേപ്പര്‍ ചോര്‍ന്നു; നീറ്റ് യുജി പരീക്ഷയുടെ പവിത്രത ഹനിക്കപ്പെട്ടെന്ന് സുപ്രീം കോടതി
അഡ്മിൻ
നീറ്റ് യുജി 2024 പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നും പരീക്ഷയുടെ പവിത്രത ഹനിക്കപ്പെട്ടെന്നും സുപ്രീം കോടതി. കുറ്റവാളികളെ തിരിച്ചറിയാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ വീണ്ടും പരീക്ഷ നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. നീറ്റ് യുജി 2024 പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട 38 ഓളം ഹര്‍ജികളും പുനഃപരിശോധന ആവശ്യവും പരിഗണിക്കുകയായിരുന്നു കോടതി.
''വീണ്ടും പരീക്ഷയ്ക്ക് ഉത്തരവിടുന്നതിന് മുമ്പ്, നമ്മള് 23 ലക്ഷം വിദ്യാര്‍ത്ഥികളുമായി ഇടപഴകുന്നതിനാല്‍ ചോര്‍ച്ചയുടെ വ്യാപ്തിയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം. അപ്പോള്‍ ചോര്‍ച്ചയുടെ സ്വഭാവം എന്തായിരുന്നു, ചോര്‍ച്ച എങ്ങനെയായിരുന്നു... സമയം.. ചോര്‍ച്ച എങ്ങനെ പ്രചരിപ്പിച്ചു... തെറ്റിന്റെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ കേന്ദ്രവും എന്‍ടിഎയും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്, ഇതെല്ലാം അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ,'' ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. രണ്ട് പരീക്ഷാ കേന്ദ്രങ്ങളില്‍ നടന്ന പേപ്പര്‍ ചോര്‍ച്ചയെക്കുറിച്ചും ചീഫ് ജസ്റ്റിസ് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്‍ടിഎ എങ്ങനെയാണ് ചോദ്യപേപ്പറുകള്‍ അച്ചടിക്കാന്‍ അയയ്ക്കുന്നതെന്നും അവ എങ്ങനെ വിതരണം ചെയ്യുന്നുവെന്നും കോടതി തിരക്കി. ''എപ്പോഴാണ് പേപ്പറുകള്‍ പുറത്തെടുത്തത്? എത്ര മണിക്കാണ് പരീക്ഷ? എങ്ങനെയാണ് പേപ്പറുകള്‍ വിദേശത്ത് വിതരണം ചെയ്തത്? എപ്പോഴാണ് അത് വിദേശത്തേക്ക് അയച്ചത്? എങ്ങനെയാണ് അത് എംബസികളിലേക്ക് അയച്ചത്? ഡിപ്ലോമാറ്റിക് ബാഗോ കൊറിയറോ?,' ചീഫ് ജസ്റ്റിസ് ചോദിച്ചു.
പരീക്ഷാ ദിവസമായ മെയ് 5 ന് അല്ലെങ്കില്‍ അതിന് മുമ്പാണോ പേപ്പര്‍ ചോര്‍ച്ച നടന്നതെന്ന് സുപ്രീം കോടതി തിരക്കി. പേപ്പര്‍ ചോര്‍ച്ച കേസില്‍ എന്‍ടിഎ വ്യത്യസ്തമായ കാര്യങ്ങളാണ് പറയുന്നതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന് പറഞ്ഞു. ഒരു വശത്ത്, പേപ്പര്‍ ചോര്‍ച്ച ചെറിയ തലത്തിലാണ് നടന്നതെന്ന് എന്‍ടിഎ പറയുന്നു. മറുവശത്ത്, പട്ന, ഡല്‍ഹി, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളുള്ള 6 കേസുകള്‍ സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് എന്‍ടിഎ പറയുന്നെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.