14 ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തി പതഞ്ജലി

ഗുണനിലവാരമില്ലാത്തതിൻ്റെ പേരിൽ സുപ്രീം കോടതി നിർമാണ ലൈസൻസ് റദ്ദാക്കിയ 14 ഉൽപ്പന്നങ്ങളുടെ വിൽപ്പന പതഞ്ജലി ആയുർവേദ ലിമിറ്റഡ് പൂർണമായും നിർത്തി.നിലവിൽ ഈ ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഫ്രാഞ്ചൈസി സ്റ്റോറുകൾക്ക് അവ പിൻവലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ജസ്റ്റിസ് ഹിമ കോലിയും ജസ്റ്റിസ് സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചിന് മുമ്പാകെ പതഞ്ജലി ഗ്രൂപ്പ് സത്യവാങ്മൂലം സമർപ്പിച്ചു. ഇതോടൊപ്പം തുടർ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ 30ലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.

ഗുണനിലവാരമില്ലായ്‍മയെ തുടർന്നാണ് കഴിഞ്ഞ ഏപ്രിലില്‍ 14 ഉല്‍പ്പന്നങ്ങളുടെ ലൈസൻസ് ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി (എസ്‌എല്‍എ) റദ്ദ് ചെയ്തത്.നിലവാരമില്ലായ്മയെ തുടർന്ന് പതഞ്ജലി ആയുർവേദ്, കമ്ബനിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണ, സഹസ്ഥാപകന്‍ ബാബ രാംദേവ്, ദിവ്യ ഫാർമസി എന്നിവർക്കെതിരെ 1954ലെ ഡ്രഗ്‍സ് ആൻഡ് മാജിക് റെമെഡീസ് നിയമപ്രകാരം എസ്‌എല്‍എ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു.

09-Jul-2024