ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടി; ആരോപണവുമായി കർണാടക ബിജെപി എംപി

ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയെന്ന് തുറന്നടിച്ച് വിജയപുര മണ്ഡലത്തിലെ ബിജെപി എംപി രമേഷ് ജിഗജിനാഗി. കേന്ദ്രമന്ത്രിമാരില്‍ ഭൂരിഭാഗവും ഉന്നതജാതിക്കാരാണെന്നും ദളിതര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഇല്ലെന്നും ജിഗജിനാഗി പറഞ്ഞു. ബിജെപി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്നും അങ്ങോട്ട് പോകരുതെന്ന് തന്നോട് ഒരുപാട് പേര്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം ആവശ്യപ്പെടാന്‍ ആഗ്രഹമില്ല. എന്നാല്‍ എംപിയായി തിരിച്ചെത്തിയ ശേഷം മന്ത്രിയാകാത്തതെന്തുകൊണ്ടെന്ന ചോദ്യവുമായി ജനങ്ങള്‍ തനിക്കെതിരെ രംഗത്തുവന്നിരുന്നു. ബിജെപി ദളിത് വിരുദ്ധത താന്‍ ഇങ്ങോട്ട് വരുമ്പോള്‍ത്തന്നെ ആലോചിക്കണമായിരുന്നുവെന്നും, അദ്ദേഹം പറഞ്ഞു.

ഒരു ദളിതനായ താന്‍ ഏഴ് തവണയാണ് ദക്ഷിണേന്ത്യയില്‍ വിജയിച്ചത്, എന്നിട്ടും ഉന്നതജാതിക്കാര്‍ക്കാണ് ക്യാബിനറ്റ് സ്ഥാനങ്ങളെല്ലാം. ദലിതുകള്‍ ബിജെപിയെ പിന്തുണച്ചിട്ടേയില്ലേയെന്നും ഇത് തന്നെ വേദനിപ്പിക്കുകയാണെന്നും, ജിഗജിനാഗി കൂട്ടിച്ചേര്‍ത്തു.

10-Jul-2024