കര്‍ഷക മാര്‍ച്ച് ; തടയാൻ സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്
അഡ്മിൻ
കര്‍ഷക സംഘടനകള്‍ നടത്തുന്ന ‘ദില്ലി ചലോ’ മാര്‍ച്ച് തടയാന്‍ ശംഭു അതിര്‍ത്തിയില്‍ ഹരിയാന സര്‍ക്കാര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ ഏഴ് ദിവസത്തിനകം മാറ്റണമെന്ന് പഞ്ചാബ് – ഹരിയാന ഹൈകോടതിയുടെ ഉത്തരവ്. പഞ്ചാബ് – ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ ഫെബ്രുവരിയിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതരം), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയുടെ നേതൃത്വത്തില്‍ വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. 2020-21ല്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവര്‍ക്കു നേരെയുള്ള കേസ് പിന്‍വലിക്കണമെന്നും കാര്‍ഷികോല്‍പന്നങ്ങള്‍ സംഭരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
വിവാദങ്ങളുയര്‍ന്നതിനു പിന്നാലെ സര്‍ക്കാര്‍ കര്‍ഷക സംഘടനാ പ്രതിനിധികളുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.