പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . പിണറായിയെ രാഷ്ട്രീയമായി ഉന്നംവെച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് അസംതൃപ്തിയുണ്ടാക്കിയ പ്രശ്നം പരിഹരിക്കണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
20% ആളുകൾക്ക് സംതൃപ്തി വരുത്താൻ ആകണം. നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ തിരുത്തണം. പാവപ്പെട്ടവർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകുമെന്ന് ഉറപ്പ് വരുത്തണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു. കെഎസ്കെടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഗൗരവമുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിട്ടതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. നമ്മുടെ ഭാഗത്ത് നിന്നുള്ളവർ കൊഴിഞ്ഞു പോയിട്ടുണ്ട്. എസ്എൻഡിപി വിഭാഗം നല്ലപോലെ വർഗീയ വൽക്കരിക്കപ്പെട്ടു. സ്വത്വരാഷ്ട്രീയത്തെ മറയാക്കി വർഗീയമാക്കി ആളുകളെ ഒന്നിപ്പിക്കാൻ ബിജെപിക്ക് സാധിച്ചു. ക്ഷേത്രങ്ങളും ആരാധനാലയങ്ങളും വിശ്വാസികളുടേത് ആകണമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാണിച്ചു.
വിശ്വാസികളോട് ഒപ്പം നിൽക്കുന്നതാണ് ഇടതുപക്ഷ നിലപാട്. അവിശ്വാസികളോട് ഒപ്പവും നിൽക്കും. വർഗീയവാദിക്ക് വിശ്വാസമില്ല. വിശ്വാസി വർഗീയവാദിയും അല്ല. വിശ്വാസത്തെ വർഗീയവാദി ഉപകരണമാക്കുന്നു. എല്ലാ ആരാധനാലയങ്ങളും വിശ്വാസികൾ കൈകാര്യം ചെയ്യണം. ആർഎസ്എസ് അല്ല കൈകാര്യം ചെയ്യേണ്ടതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാണിച്ചു. കമ്മ്യൂണിസ്റ്റുകാർ ഉൾപ്പെടെ വിശ്വാസികൾ ആയ സമൂഹം ആരാധനാലയങ്ങൾ കൈകാര്യം ചെയ്യട്ടെയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.