പി കെ ശശി എം എല്‍ എയ്ക്കെതിരായ പരാതി, സിപിഐ എമ്മില്‍ അവ്യക്തതയില്ല.

തിരുവനന്തപുരം : സിപി ഐ എം സംസ്ഥാന കമ്മറ്റിയ്ക്ക് ഡി വൈ എഫ് ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ പാര്‍ടി കമ്മീഷന്‍ അന്വേഷണം തുടങ്ങി. ഷോര്‍ണൂര്‍ എം എല്‍ എ പി കെ ശശിയ്‌ക്കെതിരായാണ് പാലക്കാട് ജില്ലയിലെ ഡി വൈ എഫ് ഐയുടെ വനിതാനേതാവ് പാര്‍ടി നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

സിപിഐ എം സംസ്ഥാന കമ്മറ്റി ഓഫീസായ എ കെ ജി സെന്ററില്‍ ലഭിച്ച പരാതി, ഓഫീസ് സെക്രട്ടറി ഒരു കാലതാമസവും കൂടാതെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ഷോര്‍ണൂര്‍ എം എല്‍ എ പി കെ ശശിയില്‍ നിന്നും നേരിട്ട് വിശദീകരണം തേടി. അപ്പോള്‍ പരാതിയിലെ ആരോപണങ്ങള്‍ ശശി നിഷേധിച്ചുവെങ്കിലും പാര്‍ടി സംസ്ഥാന സെക്രട്ടറിയും സിപിഐ എം സ്റ്റേറ്റ് സെക്രട്ടേറിയറ്റും ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയെ കുറിച്ചന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിക്കുകയായിരുന്നു എന്നാണ് സൂചനകള്‍.

പാര്‍ടി കമ്മീഷന്റെ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷം സംസ്ഥാന കമ്മറ്റിക്ക് മുന്നില്‍ റിപ്പോര്‍ട്ട് എത്തുമ്പോള്‍ മാത്രമേ പാര്‍ട്ടിയുടെ മുന്നില്‍ പി കെ ശശി എം എല്‍ എ കുറ്റക്കാരനാണോ അല്ലയോ എന്ന് ബോധ്യമാവുകയുള്ളു. തുടര്‍ന്ന് മാത്രമേ പരാതിയുടെ ഉള്ളടക്കത്തെ കുറിച്ചും പാര്‍ടി നടപടികളെ കുറിച്ചും പൊതുസമൂഹത്തോട് പാര്‍ടി വക്താക്കള്‍ വെളിപ്പെടുത്തുകയുള്ളു. പാര്‍ടിയില്‍ നിന്നും ശശിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യുവതി പരാതി നല്‍കിയിരിക്കുന്നത് എന്നാണ് സൂചനകള്‍.

സിപിഐ എംന്റെ സംസ്ഥാന സെക്രട്ടറിക്ക് ലഭിക്കുന്ന എല്ലാ പരാതികളും സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്താണ് തുടര്‍നടപടികളിലേക്ക് പോവുക. പാര്‍ടിക്ക് ലഭിക്കുന്ന പരാതികളില്‍ പാര്‍ടി അംഗത്വത്തിലും പദവിയിലും ശിക്ഷാ നടപടികള്‍ കൈക്കൊള്ളാറാണ് പതിവ്. അത്തരം പരാതികള്‍ പോലീസ് കൈമാറുന്ന പതിവും ഇല്ല. ഇത്തരം വസ്തുതകള്‍ മറച്ചുവെച്ചാണ് പി കെ ശശി എം എൽ  എയ്‌ക്കെതിരായുള്ള പരാതിയുടെ പശ്ചാത്തലത്തില്‍ സിപിഐ എംനെ പ്രതിക്കൂട്ടിലാക്കാന്‍ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

സിപിഐ എംന് പരാതി നല്‍കിയ യുവതിയോട് പോലീസില്‍ പരാതി നല്‍കരുതെന്ന് പാര്‍ടി പറഞ്ഞിട്ടില്ല. യുവതി സിപിഐ എം സംസ്ഥാന സെക്രട്ടറിക്ക് നേരിട്ടല്ല പരാതി നല്‍കിയത്. എന്നിട്ടും പരാതി പാര്‍ടി പരിശോധിക്കുകയും കമ്മീഷനെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു. സാധാരണ ഗതിയില്‍ പല പരാതികളും ഏരിയ, ജില്ലാ, സംസ്ഥാന, കേന്ദ്ര ഘടകങ്ങള്‍ക്ക് പരാതിക്കാര്‍ അയച്ചുകൊടുക്കാറുണ്ട്. കേന്ദ്ര ഘടകത്തിന് അയച്ചുകൊടുത്ത പരാതിയെ സംബന്ധിച്ച വിവരം ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കി സംഭവം വിവാദമാക്കിയ വ്യക്തിയിലേക്കും പാര്‍ട്ടിയുടെ അന്വേഷണം നീളുമെന്നാണ് സൂചനകള്‍.

ഗൗരവമുള്ള പരാതിയാണെങ്കില്‍ പോലീസിന് പരാതി നല്‍കുവാന്‍ യുവതിക്ക് അവകാശമുണ്ട്. സിപിഐ എം അത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് വിഘാതം നില്‍ക്കുന്ന പാര്‍ടിയല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

06-Sep-2018