ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവം; റെയിൽവേയെ കുറ്റപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി
അഡ്മിൻ
തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി. മാലിന്യം അടിഞ്ഞുകൂടിയതിന്റെ ഉത്തരവാദിത്തം ഇന്ത്യൻ റെയിൽവേയ്ക്കാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. റെയിൽവേയുടെ പ്രോപ്പർട്ടിയാണെന്നും നഗരസഭയെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ അനുവദിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ റെയിൽവേ ഒരു കാര്യവും ചെയ്തിരുന്നില്ലെന്നും ഇതാണ് പ്രധാനപ്രശ്നമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. റെയിൽവേയുടെ ഒരു ഉദ്യോഗസ്ഥനും സംഭവ സ്ഥലത്തെത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സമൂഹം ഒറ്റക്കെട്ടായി ഒരു തൊഴിലാളിക്കായി തെരച്ചിൽ നടത്തുമ്പോൾ റെയിൽവേയുടെ രണ്ട് എഞ്ചിനീയർമാരാണ് സ്ഥലത്തുള്ളത്. ഡിവിഷണൽ ഓഫീസറോ ഉന്നത ഉദ്യോഗസ്ഥരോ സ്ഥലത്തെത്തിയില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം തിരുവനന്തപുരം മാരായമുട്ടം സ്വദേശി ജോയിയ്ക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. രാവിലെ 10 മണിയോടെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നിതിനിടെ ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മാലിന്യം നീക്കി സ്കൂബ സംഘം ടണലിലേക്ക് പ്രവേശിച്ച് പരിശോധന നടത്തുന്നുണ്ട്.