ആള്‍ക്കൂട്ട ആക്രമണങ്ങള്‍; കര്‍ശന നിയമം കൊണ്ടുവരണമെന്ന വിധി ഉടന്‍ നടപ്പിലാക്കണമെന്ന അന്ത്യശാസനവുമായി സുപ്രീംകോടതി

ദില്ലി: ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്ന വിധി ഉടന്‍ നടപ്പിലാക്കണമെന്ന് സുപ്രീംകോടതിയുടെ അന്ത്യശാസനം.

സെപ്തംബര്‍ 13ന് കേസ് വീണ്ടും പരിഗണിക്കും മുന്‍പ് വിധി നടപ്പിലാക്കണമെന്നാണ് കോടതി നിര്‍ദേശം. ഒരാഴ്ചയ്ക്കകം കൊലപാതകങ്ങള്‍ തടയുന്നത് സംബന്ധിച്ച നടപടികള്‍ കൈക്കൊള്ളണമെന്ന് കോടതി നിര്‍ദേശിച്ചു.

വിധി നടപ്പാക്കാത്ത പക്ഷം സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ വിശദീകരണം നല്‍കേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്ത്മാക്കി.

അതേസമയം, അക്രമം തടയുന്ന നിയമം കൊണ്ടുവരുന്നതിനായി മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

11 സംസ്ഥാനങ്ങള്‍ മാത്രമാണ് നിയമം കൊണ്ടുവരുന്നകാര്യത്തില്‍ നിലപാട് അറിയിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി. സുപ്രീംകോടതിയുടെ വിധി വന്നതിന് ശേഷവും രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ഇതാണ് കടുത്ത നിര്‍ദേശം നല്‍കാന്‍ കോടതിയെ പ്രേരിപ്പിച്ചത്.

ജൂലൈയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിനായി കര്‍ശന നിയമം കൊണ്ടുവരാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്‍കിയത്.

07-Sep-2018