സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നത്: മന്ത്രി വി. ശിവൻകുട്ടി
അഡ്മിൻ
സാക്ഷരതയുടെ അർത്ഥം കാലത്തിനനുസരിച്ച് മാറുന്നത് എന്ന ബോധ്യം ജനങ്ങളിൽ ഉണ്ടായാൽ മാത്രമേ കേരള സമൂഹത്തെ മുന്നോട്ടു നയിക്കാനാവുകയുള്ളൂ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി സംഘടിപ്പിച്ച ഉല്ലാസ് മേള 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കുക, വികസനവും ക്ഷേമവും എല്ലാവരിലും എത്തിക്കുകവഴി തുല്യ നീതി ഉറപ്പാക്കുക, പഠനം മുടങ്ങിയവരെ പഠനപ്രക്രിയയുടെ ഭാഗമാക്കുക തുടങ്ങിയ സർക്കാർ നയങ്ങൾ പ്രാവർത്തികമാക്കാനുള്ള സജീവ പ്രവർത്തനങ്ങളാണ് സാക്ഷരതാ മിഷൻ നടത്തിവരുന്നത്.
പരിപൂർണ്ണ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സംയോജിത പദ്ധതിയും ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായ ‘ഉല്ലാസ്’ കേരളത്തിൽ ആരംഭിച്ചത്.
6 ലക്ഷത്തിലധികം പേരാണ് പദ്ധതിയിലൂടെ സാക്ഷരത കൈവരിച്ചത്. പഠിതാക്കളെ സാക്ഷരരാക്കാൻ പ്രയത്‌നിച്ച അധ്യാപകർ ഒരു രൂപ പോലും ഓണറേറിയം കൈപ്പറ്റാതെ പദ്ധതിയുടെ ഭാഗമായത് അഭിമാനകരമായ കാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ആദ്യഘട്ടത്തിൽ സാക്ഷരരായവർ പഠനം ഉപേക്ഷിക്കാതെ നവകേരള നിർമിതിയിൽ പങ്കാളികളാകണമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സാക്ഷരത മിഷൻ ഡയറക്ടർ എ.ജി ഒലീന സ്വാഗതം ആശംസിച്ച ചടങ്ങിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.