കര്‍ണാടക നിയമസഭയില്‍ എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ എ.ഐ ക്യാമറ

കര്‍ണാടക നിയമസഭയില്‍ എ.എല്‍.എ.മാരെ നിരീക്ഷിക്കാന്‍ ഇനി എ.ഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍. എം.എല്‍.എമാര്‍ സഭയില്‍ വരുന്നതും പോകുന്നതും ക്യാമറകള്‍ നിരീക്ഷിക്കും. സ്പീക്കറുടെ മുന്‍പിലുള്ള ഡാഷ് ബോര്‍ഡില്‍ ഇതില്‍ നിന്നുള്ള വിവരങ്ങള്‍ തെളിയും. എം.എല്‍.എമാര്‍ കൃത്യസമയത്ത് വരാനും സഭയില്‍ അവരുടെ മുഴുവന്‍ സമയ സാന്നിധ്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം.

കൂടുതല്‍സമയം സഭാ നടപടികളില്‍ സജീവമാകുന്നവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാനാകും. നിയമസഭയുടെ വര്‍ഷകാലസമ്മേളനം ആരംഭിക്കുന്ന തിങ്കളാഴ്ച ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങും. നിയമസഭയുടെ സുരക്ഷയുറപ്പാക്കുന്നതിന് പുറമെയാണ് ക്യാമറകള്‍ അംഗങ്ങളുടെ ഹാജര്‍നിലയും രേഖപ്പെടുത്തുക. അംഗങ്ങളുടെ മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാനവും ഇതിലുണ്ട്.

വിധാന്‍സൗധയിലെ നിയമസഭാഹാളില്‍ നടത്തിയ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചത്.

15-Jul-2024