റെയില്‍വേ ഭൂമിയിലെ മാലിന്യം നീക്കാനുള്ള ചുമതല റെയില്‍വേയ്ക്ക് തന്നെ; കേരളാ ഹൈക്കോടതി

ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ റെയില്‍വേയും തിരുവനന്തപുരം കോര്‍പ്പറേഷനും ജില്ലാ കളക്ടറും റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി. അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് പത്ത് ദിവസത്തിനകം അറിയിക്കണം.

ആമയിഴഞ്ചാന്‍ തോട് സന്ദര്‍ശിച്ച് അമികസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കണം. റെയില്‍വേ ഭൂമിയിലെ മാലിന്യം നീക്കാനുള്ള ചുമതല റെയില്‍വേയ്ക്ക് തന്നെയാണെന്നും ഹൈക്കോടതിയുടെ നിരീക്ഷണം. പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗിലാണ് ഹൈക്കോടതിയുടെ നടപടി.

ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല ഇതെന്ന ആമുഖത്തോടെയായിരുന്നു പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ പ്രത്യേക സിറ്റിംഗ്. റെയില്‍വേ ഭൂമിക്കിടയിലൂടെ കടന്നുപോകുന്ന കനാലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ടത് ആരുടെ ചുമതലയാണെന്ന് ഹൈക്കോടതി ചോദിച്ചു. റെയില്‍വേയുടെ ഭൂമിയില്‍ അനുമതിയില്ലാതെ കോര്‍പ്പറേഷന് എന്തെങ്കിലും ചെയ്യാനാകുമോയെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

വര്‍ഷങ്ങളായുള്ള മാലിന്യമാണ് റെയില്‍വേ കനാലില്‍ കെട്ടിക്കിടക്കുന്നത്. മാലിന്യം നീക്കാന്‍ അനുമതി നല്‍കേണ്ടത് റെയില്‍വേയുടെ ചുമതലയാണ്. കെട്ടിക്കിടന്ന പ്ലാസ്റ്റിക് ബോട്ടിലുകളില്‍ അധികവും റെയില്‍ നീറിന്റേതാണ്. റെയില്‍വേ ഭൂമിയില്‍ മാലിന്യം കെട്ടിക്കിടപ്പുണ്ട്, ഇത് നീക്കാന്‍ റെയില്‍വേയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ മാലിന്യം കൃത്യമായ ഇടവേളകളില്‍ നീക്കം ചെയ്യണം. മറ്റിടങ്ങളില്‍ നിന്നുള്ള മാലിന്യം റെയില്‍വേ കനാലില്‍ ചേരുന്നുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. സംസ്ഥാനത്തെ വലിയ സ്റ്റേഷനുകളില്‍ നിന്ന് മാലിന്യം എങ്ങനെ നീക്കുമെന്ന് റെയില്‍വേ സത്യവാങ്മൂലം നല്‍കണം.

കേരളത്തിലെ വലിയ സ്റ്റേഷനുകളിലെ മാലിന്യനീക്കം എങ്ങനെയെന്ന് റെയില്‍വേ വിശദീകരിക്കണം. ആക്കുളം കായലിലെ മാലിന്യ നിക്ഷേപത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. കരാറുകാര്‍ നീക്കുന്ന മാലിന്യം എങ്ങനെ സംസ്‌കരിക്കുന്നുവെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

15-Jul-2024