സപ്ലൈകോയ്‌ക്ക് 100 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
അഡ്മിൻ
സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങൾ 35 ശതമാനം വരെ വില കുറച്ച് സപ്ലൈയ്‌കോ സ്‌റ്റോറുകൾ വഴി വിതരണം ചെയ്യുന്നതിനാണ് സഹായം. ഓണത്തിനു മുന്നോടിയായി സാധനങ്ങൾ എത്തിക്കുന്ന സപ്ലൈയർമാർക്ക് തുക നൽകുന്നതിനടക്കം ഈ തുക വിനിയോഗിക്കാനാകുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.
വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷം 205 കോടി രൂപയാണ് ബജറ്റ് വിഹിതം അനുവദിച്ചതെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ ആവശ്യത്തിനായി ബജറ്റിൽ വകയിരുത്തിയിരുന്നത് 205 കോടി രൂപ ആയിരുന്നുവെങ്കിലും 391 കോടി രൂപ അനുവദിച്ചിരുന്നു.
സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സുവർണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 50 ജനപ്രിയ ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും എന്ന് കഴിഞ്ഞ മാസം 25ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സപ്ളൈകോ ഹാപ്പി അവേഴ്സ് എന്ന പേരിലാണ് ഈ പദ്ധതി.
സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു മണിവരെ വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്നാണ് അറിയിപ്പ്. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നൽകും.
സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും സപ്ലൈകോയുടെ സിഗ്നേച്ചർ മാർട്ടുകൾ തുറക്കാനും പദ്ധതിയുണ്ട്. ഓരോ സൂപ്പർ മാർക്കറ്റ് വീതം ആധുനിക നിലവാരത്തിൽ നവീകരിച്ചാകും സിഗ്നേച്ചർ മാർട്ടുകളാക്കുക.