കെ കരുണാകരനെ പി വി നരസിംഹാവു ചതിച്ചു: കെ മുരളീധരൻ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ കരുണാകരനെ പി വി നരസിംഹാവു ചതിച്ചെന്ന് ചാരക്കേസിൽ തുറന്നടിച്ച് കെ മുരളീധരൻ. അന്നത്തെ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്ക് പിന്നിൽ പി വി നരസിംഹ റാവുവായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

ആയുധം ആരുടെ കയ്യിൽ കൊടുത്താലും പ്രയോഗിക്കുമെന്നും എൽഡിഎഫിനെ ന്യായീകരിച്ച് മുരളീധരൻ പറഞ്ഞു. എൽഡിഎഫിനെ കുറ്റം പറയാൻ കഴിയില്ല. കൂട്ടത്തിലെ ഒരാൾക്കെതിരെ ആയുധം ഏൽപ്പിച്ചാൽ ആയുധം എതിരാളികൾ നന്നായി പ്രയോഗിക്കും.

ചാരക്കേസിൽ കൂടുതൽ ഗവേഷണം നടത്തിയാൽ കേരളത്തിൽ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകും. പാർട്ടിയുടെ ഭാവിയെ ബാധിക്കും എന്നതുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്. ഗൂഢാലോചന കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ സത്യം തുറന്നു പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. ചാരക്കേസ് പൊലീസ് കെട്ടിച്ചമച്ചതെന്ന സിബിഐ കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.

കേസ് അന്ന് സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണെന്നും ഹോട്ടലില്‍ വെച്ച് വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞതാണ് വിരോധമെന്നും കുറ്റപത്രത്തില്‍ പറയുന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിച്ച സിബിഐ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

16-Jul-2024