ബിജെപി നേതാവിന്‍റെ വീട് ആക്രമിച്ചത് ബിജെപിക്കാർ തന്നെ

ബിജെപി മുൻ കൗൺസിലർ കുന്നത്തൂർമേട്ടിലെ എസ്.പി. അച്യുതാനന്ദന്‍റെ വീടിനു നേരെ ആക്രമണം നടത്തിയത് ബിജെപിക്കാർ തന്നെയെന്ന് പൊലീസ്. സമൂഹ മാധ്യമത്തിൽ അച്യുതാനന്ദനിട്ട പോസ്റ്റിൽ പ്രകോപിതരായാണ് വീടിനു നേരെ ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

കേസിൽ യുവ മോർച്ച നേതാവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച പാലക്കാട് മണ്ഡലം സെക്രട്ടറി മണലി സ്വദേശിയുമായ രാഹുലിനെയും സുഹൃത്തുക്കളായ അനുജിൽ, അജീഷ് കുമാർ കല്ലേപ്പുള്ളി, മഞ്ഞല്ലൂർ സ്വദേശികളായ സീനപ്രസാദ്, അജീഷ് എന്നിവരെയും പാലക്കാട് ടൌൺ പൊലീസ് അറസ്റ്റ് ചെയ്തു.

പാർട്ടിയിലെ ആഭ്യന്തര തർക്കമാണു ആക്രമണത്തിന് കാരണമെന്നും സംശയമുണ്ടായിരുന്നു. എന്നാൽ ആക്രമണത്തിൽ വ്യക്തമായ മറുപടി നൽകാൻ സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടില്ല.നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചു വിവരം ലഭിച്ചത്.

16-Jul-2024