മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ
അഡ്മിൻ
കോട്ടയത്ത് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മേവെള്ളൂർ ഓലിക്കരയിൽ എസ് മനോജ് കുമാർ ആണ് അറസ്റ്റിലായത്. കടുത്തുരുത്തി അർബൻ കോപ്പറേറ്റീവ് ബാങ്കിന്റെ വെള്ളൂർ ശാഖയിലാണ് തട്ടിപ്പ് നടത്തിയത്. സ്വർണം ആണെന്ന് വിശ്വസിപ്പിച്ച് 2023 ഓഗസ്റ്റിൽ 48 ഗ്രാം വരുന്ന ആറ് വളകൾ പണയം വെച്ച് 185000 രൂപയും, 2023 നവംബറിൽ 16 ഗ്രാം തൂക്കം വരുന്ന രണ്ട് വളകൾ പണയം വെച്ച് 63000 രൂപയും എടുത്തു.
രണ്ട് തവണയായി 8 പവൻ്റെ മുക്കുപണ്ടം വെച്ച് നടത്തിയ തട്ടിപ്പിൽ 248000 രൂപയാണ് ഇയാൾ ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത്. ബാങ്കിന് പലിശയടക്കം 269665 രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. ഇയാൾ അറസ്റ്റിലായതോടെ സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സ്വർണ കിരീടവും സ്വർണ കൊന്തയും നൽകിയ ചിത്രത്തോടൊപ്പം ഇയാൾ പങ്കുവച്ച ഒരു പോസ്റ്റും വൈറലായിരിക്കുകയാണ്.
‘ഇനി ഇത് സ്വർണം പൂശിയതാണെന്ന് പറയല്ലേ..’ എന്ന തലക്കെട്ടോടെയാണ് ഇയാൾ പോസ്റ്റ് പങ്കുവച്ചത്. ‘എംപി പറ്റിച്ചത് ലൂർദ് മാതാവിനെ, അത് പോലെ അർബൻ ബാങ്കിനെ പറ്റിക്കാം എന്ന് കരുതിയോ’ എന്നതടക്കമുള്ള കമന്റുകളാണ് ഇപ്പോൾ പോസ്റ്റിൽ നിറയുന്നത്.