ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്കുള്ളില്‍ വിള്ളലുണ്ടെന്ന രഹസ്യമായ പരസ്യത്തിന്റെ കൂടുതല്‍ കൂടുതല്‍ സൂചനകളാണ് പുറത്തുവരുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും യോഗി ആദിത്യനാഥും തമ്മിലുള്ള ഭിന്നത വഷളാവുന്നതായാണ് ലഭിക്കുന്ന വിവരം. ഇതിനിടെ ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി മൗര്യ കൂടിക്കാഴ്ച നടത്തി.
എന്നാല്‍ കൂടിക്കാഴ്ചയ്ക്കു ശേഷവും മൗര്യ മൗനം പാലിക്കുന്നത് തുടരുകയാണ്. സര്‍ക്കാര്‍ അല്ല പാര്‍ട്ടിയാണ് വലുതെന്ന് കഴിഞ്ഞ ദിവസം കേശവ് പ്രസാദ് മൗര്യ പ്രതികരിക്കുകയുണ്ടായി. ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലായിരുന്നു മൗര്യയുടെ പ്രതികരണം. ജെ.പി നദ്ദയുള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ യോഗി ആദിത്യനാഥിന്റെ അമിത ആത്മവിശ്വാസും കാരണമായെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
തിരഞ്ഞെടുപ്പില്‍ തോറ്റ പല സ്ഥാനാര്‍ഥികള്‍ക്കും തങ്ങളുടെ പരാജയത്തിന് കാരണം യോഗിയാണെന്ന നിലപാടാണുള്ളത്. ഇതിനിടയിലാണ് യോഗിയുമായി ദീര്‍ഘകാലമായി അഭിപ്രായഭിന്നതയുള്ള കേശവ് പ്രസാദ് മൗര്യ, ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്.
യു.പി ബി.ജെ.പി. അധ്യക്ഷന്‍ ഭുപേന്ദ്ര സിങ് ചൗധരിയുമായി നദ്ദ കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ ഇടിച്ച് നിരത്തല്‍ നയം തിരിച്ചടിയായെന്ന് സംസ്ഥാന മന്ത്രി സഞ്ജയ് നിഷാദ് അഭിപ്രായപ്പെട്ടു.