തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ വയോജന പകല്‍വീടുകള്‍ ഒരുക്കണം: വനിതാ കമ്മിഷൻ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയില്‍ വാര്‍ഡ്തലത്തില്‍ വയോജനങ്ങള്‍ക്കായി പകല്‍ വീടുകള്‍ പോലുള്ള സംവിധാനം ഉറപ്പു വരുത്തുന്നത് ഇന്നത്തെ സാഹചര്യത്തില്‍ വളരെയേറെ അനിവാര്യമാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ബാലഭവനില്‍ നടത്തിയ രണ്ടു ദിവസത്തെ ജില്ലാതല അദാലത്ത് പൂര്‍ത്തീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.


വീടിനുള്ളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാനും അതില്‍ ഇടപെടാനും അവര്‍ക്ക് സന്തോഷപ്രദമായ ജീവിതം പ്രദാനം ചെയ്യാനുമുള്ള അന്തരീക്ഷം എങ്ങനെ സജ്ജമാക്കാമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചര്‍ച്ച ചെയ്യണം. മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാനുള്ള നിയമം പ്രാബല്യത്തിലുണ്ടെങ്കിലും അത് യഥാവിധി നടപ്പാക്കപ്പെടുന്നില്ല. വയോജനങ്ങളെ പരിപാലിക്കുന്നതിനുള്ള സംവിധാനം ഉണ്ടാകേണ്ടതുണ്ട്. വയോജനങ്ങളുടെ പരിപാലനം, സുരക്ഷ എന്നിവ കൈകാര്യം ചെയ്യുന്നതിന് വാര്‍ഡ്തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.

ഗാര്‍ഹിക ചുറ്റുപാടുകളിലെ പ്രശ്‌നങ്ങള്‍, തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍, അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് അദാലത്തിലെത്തിയ പരാതികളില്‍ കൂടുതലും. ഇതില്‍ തന്നെ വയോജനങ്ങളുടെ പ്രശ്‌നങ്ങളായിരുന്നു ഏറെയും. അഞ്ചു മക്കള്‍ ഉണ്ടായിട്ടും അവര്‍ ആരും സംരക്ഷിക്കാതെ ഒറ്റയ്ക്കു കഴിയേണ്ടി വരുന്ന 85 വയസുള്ള അമ്മയുടെ പരാതി അദാലത്തില്‍ പരിഗണിച്ചു.

19-Jul-2024