പരാതി നല്‍കിയ കന്യാസ്ത്രീ മാധ്യമങ്ങളെ കണ്ടേക്കും

എറണാകുളം : കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ പ്രതിഷേധ ധര്‍ണ. കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുടെ നേതൃത്വത്തിലാണ് പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധ ധര്‍ണ നടത്തുന്നത്. ഹൈക്കോടതി ജങ്ഷനിലാണ് പ്രതിഷേധ ധര്‍ണ.

ബിഷപ്പിനെതിരായ ലൈംഗിക പീഡനപരാതിയില്‍ സഭയും സര്‍ക്കാരും കൈവിട്ടെന്നാണ് കന്യാസ്ത്രീകളുടെ ആരോപണം. നീതി നിഷേധിക്കപ്പെടുന്നതിനാലാണ് സമരത്തിനിറങ്ങുന്നത്. ആരും സംരക്ഷിക്കാനില്ല. ഇരയായ കന്യാസ്ത്രീയൊടൊപ്പം ഉറച്ചുനില്‍ക്കും. നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ഒമ്പതുപേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ തിരുവസ്ത്രം നേരത്തെ ഉപേക്ഷിച്ചു. ഇരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ ബിഷപ്പിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കണ്ടേക്കുമെന്ന സൂചനയും ഇതിനിടയില്‍ ലഭിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയില്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാത്ത പോലീസ് സംവിധാനത്തിനെതിരായ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

08-Sep-2018