പക്ഷിപനി; രോഗബാധിത മേഖലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല
അഡ്മിൻ
സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നുവെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. രോഗബാധിത മേഖലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും വൈറസ് വ്യാപനം കുറയുന്നുണ്ട്. 2025 മാര്‍ച്ച് വരെ പക്ഷിവളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്തണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശ നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കേണ്ടിവരില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആലപ്പുഴ, കോട്ടയം, വൈക്കം, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പക്ഷികള്‍ ചത്തൊടുങ്ങുന്ന സംഭവം ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ പക്ഷി വളര്‍ത്തലിന് നിരോധനം ഏര്‍പ്പെടുത്താതിരിക്കാനുള്ള നിലപാട് സര്‍ക്കാരിന് എടുക്കാനാകും.
കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര തുകയില്‍ കേന്ദ്ര വിഹിതം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ഇത് ലഭിക്കുന്നതിനായി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.