ഇസ്രയേലിനോടുള്ള മോദി സര്‍ക്കാരിന്റെ സമീപനം തിരുത്തണം : പ്രകാശ് കാരാട്ട്

അധിനിവേശത്തിനെതിരെ പലസ്തീന്‍ ജനത നടത്തുന്ന ചെറുത്തുനില്‍പ്പിനെമതപ്രശ്‌നമാക്കി ചിത്രീകരിക്കാനാണ് ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇസ്രയേല്‍ കൊളോണിയല്‍ സെറ്റ്ലര്‍ രാഷ്ട്രമാണ്. 1967ലെ യുദ്ധത്തിലൂടെ പശ്ചിമതീരവും (വെസ്റ്റ് ബാങ്ക്) ഗാസയും കിഴക്കന്‍ ജറുസലേമും കീഴ്‌പ്പെടുത്തി അവര്‍ അതിര്‍ത്തി വിപുലമാക്കുകയും ചെയ്തു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്ത്യയില്‍ പലസ്തീന്‍ ജനതയുടെ പോരാട്ടത്തെ ജൂതരാഷ്ട്രത്തിനെതിരെയുള്ള മുസ്ലിങ്ങളുടെ പോരായാണ് ചിത്രീകരിക്കപ്പെടുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനവും ഇസ്രയേലിന് പൂര്‍ണപിന്തുണ നല്‍കുന്ന മോദി സര്‍ക്കാരിന്റെ സമീപനവുമാണ് ഇതിനു കാരണം.

പലസ്തീന്‍ പിന്തുണ മുസ്ലിംപ്രീണനമല്ല

ലോക്സഭാ തെരഞ്ഞെടുപ്പിന് എത്രയോ മുമ്പ് 2023 ഒക്ടോബറിലാണ് ഇസ്രയേല്‍ ഗാസ ആക്രമണം തുടങ്ങിയത്. ഈ ഘട്ടത്തില്‍ത്തന്നെ യുദ്ധത്തെ എതിര്‍ത്തും പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സിപിഐ എമ്മും എല്‍ഡിഎഫും പ്രചാരണം ആരംഭിച്ചിരുന്നു. അഖിലേന്ത്യ പ്രചാരണത്തിന് ഇടതുപക്ഷം നല്‍കിയ ആഹ്വാനം പൂര്‍ണമായ ഗൗരവത്തില്‍ത്തന്നെ കേരളത്തില്‍ നടക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് പൊതുപ്രചാരണത്തിന്റെ ഭാഗമായി ഇതുമാറി.


പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പുഫലത്തിനു ശേഷം പല കോണില്‍നിന്നും വിമര്‍ശമുയര്‍ന്നു. പലസ്തീന്‍ വിഷയം ഒരു ‘മുസ്ലിം വിഷയ’മാണെന്നും മുസ്ലിം വോട്ട് കിട്ടാനാണ് സിപിഐ എം ഈ വിഷയം ഉയര്‍ത്തിയതെന്നുമാണ് ഈ വിമര്‍ശത്തിന്റെ സാരാംശം. സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രചാരണത്തെ മുസ്ലിം പ്രീണനമായാണ് ബിജെപി കണ്ടത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ പ്രസിഡന്റ് സയ്യിദ് ശിഹാബ് തങ്ങള്‍ പോലും ഒരു മുഖാമുഖത്തില്‍ പറഞ്ഞത് പലസ്തീന്‍ പോലുള്ള ‘മുസ്ലിം വിഷയം’ ഉയര്‍ത്തി സിപിഐ എം മുസ്ലിം ജനസാമാന്യത്തെ കബളിപ്പിക്കുകയാണെന്നാണ്. മുസ്ലീം തീവ്രവാദികളാണ് ജൂതരാഷ്ട്രത്തെ ഭീഷണിപ്പെടുത്തുന്നതെന്ന വീക്ഷണം ഒരുവിഭാഗം ക്രൈസ്തവസഭകളെയും കാര്യമായി സ്വാധീനിക്കുന്ന സ്ഥിതിയുണ്ടായി.

ഇതില്‍നിന്നും നമുക്ക് ചില നിഗമനങ്ങളില്‍ എത്താന്‍ കഴിയും. ഒന്നാമതായി കേരളത്തിലെ എല്ലാ മതസമുദായത്തിലും -ഹിന്ദുക്കളിലും മുസ്ലിങ്ങളിലും ക്രൈസ്തവരിലും വര്‍ഗീയവികാരം എങ്ങനെയാണ് വളരുന്നതെന്ന് ഇത് കാണിച്ചുതരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇസ്രയേല്‍– പലസ്തീന്‍ വിഷയം മതപരമായ ഒന്നല്ലെന്ന് ആവര്‍ത്തിച്ചു വിശദീകരിക്കേണ്ടതുണ്ട്. അടിച്ചമര്‍ത്തപ്പെട്ട പലസ്തീന്‍ ജനത മുക്കാല്‍നൂറ്റാണ്ടായി തുടരുന്ന അധിനിവേശത്തിനെതിരായ പോരാട്ടമാണ് ഇതെന്ന് വ്യക്തമാക്കണം.

ക്രൈസ്തവര്‍ക്കും ഇസ്രയേല്‍ പേടിസ്വപ്നം

അധിനിവേശ പ്രദേശങ്ങളില്‍ പലസ്തീനിയന്‍ ക്രൈസ്തവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹവും അറിയണം. ഇസ്രയേല്‍ എന്ന രാഷ്ട്രം രൂപംകൊണ്ട 1948ല്‍ മൊത്തം അറബ് –പലസ്തീനിയന്‍ ജനസംഖ്യയുടെ 12 ശതമാനം ക്രൈസ്തവരായിരുന്നു. എന്നാല്‍, ഇപ്പോള്‍ കിഴക്കന്‍ ജറുസലേമും ഗാസയും പശ്ചിമതീരവും ഉള്‍പ്പെട്ട പലസ്തീനില്‍ മൊത്തം ജനസംഖ്യയുടെ രണ്ടുശതമാനം മാത്രമാണ് ക്രൈസ്തവര്‍. പുതുതായി രൂപംകൊണ്ട ഇസ്രയേലില്‍നിന്നും പലസ്തീന്‍ ജനതയെ പുറത്താക്കാന്‍ തുടങ്ങിയപ്പോള്‍ നിരവധി പലസ്തീന്‍ ക്രൈസ്തവര്‍ക്കും ഭൂമിയും പാര്‍പ്പിടവും നഷ്ടമായി.

പശ്ചിമതീരവും ഗാസയും ഇസ്രയേല്‍ അധിനിവേശത്തിലായപ്പോഴും ഇത് തുടര്‍ന്നു. ഇതിന്റെയെല്ലാം ഫലമായി പലസ്തീന്‍ അഭയാര്‍ഥികളില്‍ 10 ശതമാനത്തോളം ക്രൈസ്തവരായി. പലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് 2017ല്‍ നടത്തിയ സെന്‍സസ് അനുസരിച്ച് 47,000 പലസ്തീന്‍ ക്രൈസ്തവര്‍ മാത്രമാണ് പലസ്തീനില്‍ ജീവിക്കുന്നത്. ഇതില്‍ 98 ശതമാനവും ഇസ്രയേല്‍ അധിനിവേശ പ്രദേശങ്ങളായ പശ്ചിമ തീരത്തും ഗാസാ മുനമ്പിലുമാണ്.

ഇസ്രയേലും അവരുടെ സുരക്ഷാ ഏജന്‍സികളും ചേര്‍ന്ന് ഭൂമി ബലമായി പിടിച്ചെടുത്തും വര്‍ണവിവേചനമതില്‍ ഉയര്‍ത്തിയും അക്ഷരാര്‍ഥത്തിലുള്ള അടിച്ചമര്‍ത്തല്‍ ഭരണമാണ് നടത്തുന്നത്. യേശുക്രിസ്തു ജനിച്ച ബെത്ലഹേം നഗരം അധിനിവേശ പശ്ചിമതീരത്താണ്. 70 വര്‍ഷംമുമ്പ് ഇവിടെ ജനസംഖ്യയില്‍ 80 ശതമാനവും ക്രൈസ്തവരായിരുന്നു. എന്നാല്‍, 2001ല്‍ ഇസ്രയേല്‍ വര്‍ണവിവേചന മതില്‍ നിര്‍മിക്കാനാരംഭിച്ചതോടെ ബെത്ലഹേമിനെ ജറുസലേമില്‍നിന്നും വേര്‍പെടുത്തി.

മാത്രമല്ല, ഈ ചുമരിനാല്‍ ബെത്ലഹേം വലയംചെയ്യപ്പെടുകയും പലസ്തീനിയന്‍ മുസ്ലിങ്ങളുടെയും ക്രൈസ്തവരുടെയും ഭൂമിയില്‍ ജൂത ആവാസകേന്ദ്രങ്ങള്‍ നിര്‍മിക്കുകയുംചെയ്തു. ഇതിന്റെ ഫലമായി ബെത്ലഹേമില്‍നിന്നും ക്രൈസ്തവരെ കൂട്ടമായി പുറത്താക്കി. നിലവില്‍ നഗരജനസംഖ്യയുടെ 12 ശതമാനം അതായത് 11,000 പേര്‍ മാത്രമാണ് ക്രൈസ്തവര്‍. ബെത്ലഹേമില്‍ ജീവിക്കുന്ന ക്രൈസ്തവര്‍ക്ക് ഏതാനും കിലോമീറ്റര്‍ അകലെയുള്ള ജറുസലേം സന്ദര്‍ശിക്കാനാകില്ല. ഈസ്റ്റര്‍ വേളയില്‍പ്പോലും ജറുസലേമിലെ യേശുക്രിസ്തുവിന്റെ കല്ലറ കാണാന്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കണം. അതാണെങ്കില്‍ ലഭിക്കുകയുമില്ല.

ഇസ്രയേല്‍ രാഷ്ട്രവും സയണിസ്റ്റ് തീവ്രവാദസേനയും പലസ്തീന്‍ മുസ്ലിങ്ങളെയും ക്രൈസ്തവരെയും വേര്‍തിരിച്ചു കാണാറില്ലെന്നതാണ് വസ്തുത. ഇരുവിഭാഗവും ഒരുപോലെ ഇസ്രയേല്‍ അധിനിവേശത്തിന് ഇരകളാണ്. ആദ്യ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി പുരാതനകാലംമുതല്‍ ബന്ധമുള്ളവയാണ് പലസ്തീനിലെ സഭകളും ക്രിസ്ത്യന്‍ സമുദായവും. ക്രൈസ്തവരില്‍ വലിയവിഭാഗം ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭകളുമായി ബന്ധമുള്ളവരാണ്. തുടര്‍ന്ന് റോമന്‍ കത്തോലിക്കാസഭയും ഏറ്റവും അവസാനമായി പ്രൊട്ടസ്റ്റന്റ് ചര്‍ച്ചും കടന്നുവന്നു.

പലസ്തീനിലെ ക്രൈസ്തവരും സഭാമേധാവികളും സംയുക്തമായി ശ്രദ്ധേയമായ ഒരു പ്രഖ്യാപനം പുറത്തിറക്കുകയുണ്ടായി. 2009 ഡിസംബര്‍ 11നാണ് കയ്‌റോസ് പലസ്തീനിയന്‍ രേഖ എന്നപേരിലുള്ള ഈ പ്രഖ്യാപനം പുറത്തിറക്കിയത്. ആയിരക്കണക്കിന് പലസ്തീന്‍ ക്രൈസ്തവരും ജറുസലേമിലെ 13 സഭകളിലെ പാത്രിയര്‍ക്കീസുമാരും ആര്‍ച്ച് ബിഷപ്പുമാരും ഒപ്പിട്ടതാണ് ഈ പ്രഖ്യാപനം. ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാന്‍ ശക്തമായി ആവശ്യപ്പെടുന്നതാണ് ഈ പ്രഖ്യാപനം.

രേഖയില്‍ ഇങ്ങനെ പറയുന്നു ‘പലസ്തീന്‍ ഭൂമിയില്‍ ഇസ്രയേല്‍ നടത്തിയ അധിനിവേശം ദൈവത്തിനും മനുഷ്യത്വത്തിനുമെതിരെയുള്ള പാപമാണെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ദൈവം പലസ്തീനികള്‍ക്ക് കല്‍പ്പിച്ചുനല്‍കിയ മാനുഷിക അവകാശങ്ങളാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്’.
പലസ്തീനില്‍നിന്നും ക്രൈസ്തവരെ മറ്റിടങ്ങളിലേക്ക് കുടിയേറ്റേണ്ടത് ഇസ്രയേല്‍ താല്‍പ്പര്യമാണ്. ജൂതരും മുസ്ലിങ്ങളും തമ്മിലുള്ള മതപ്രശ്‌നം മാത്രമാണെന്ന് ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ ഇത് ഇസ്രയേലിനെ സഹായിക്കും. പാശ്ചാത്യലോകത്ത് നിലവിലുള്ള ഇസ്ലാം പേടിക്ക് ഇത് ഇന്ധനമാകുകയും ചെയ്യും.

23-Jul-2024