എം എല്‍ എയ്‌ക്കെതിരായ ആരോപണം സിപിഐ എമ്മിന്റെ ആഭ്യന്തര പ്രശ്‌നം : കാനം രാജേന്ദ്രന്‍

കോഴിക്കോട് : ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ കന്യാസ്ത്രീയ്ക്ക് നീതി ലഭിച്ചോ ഇല്ലയോ എന്ന് തനിക്ക് ബോധ്യപ്പെട്ടാലെ അഭിപ്രായം പറയു എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അന്വേഷണത്തിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ എന്തെങ്കിലും പറയാന്‍ കഴിയൂ. പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേസില്‍ ഒരു രാഷ്ട്രീയപാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ എനിക്ക് യാതൊന്നും പറയണ്ടകാര്യമില്ല. പ്രതിഷേധം അറിയിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും കാനം പറഞ്ഞു.

പി കെ ശശി എം എല്‍ എയ്‌ക്കെതിരായ ആരോപണം സിപിഐ എമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സ്ത്രീ പീഡിപ്പിക്കപ്പെട്ടാല്‍ പോലീസില്‍ പരാതിപ്പെടാനുള്ള നിയമം ഇവിടെയുണ്ട്. ആ നിയമം അനുസരിക്കാതെ സ്വന്തം പാര്‍ട്ടിയില്‍ പരാതി നല്‍കുകയാണ് സ്ത്രീ ചെയ്തത്. പാര്‍ട്ടി ഇതേപ്പറ്റി അന്വേഷണം നടത്തുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്. അവര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു.

 

08-Sep-2018