കനത്ത മഴ തുടരുന്നതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയിലിറങ്ങാന്‍ സാധിക്കുന്നില്ല
അഡ്മിൻ
അര്‍ജുന്റെ ലോറി ഗംഗാവാലി പുഴയുടെ കരയ്ക്കും മണ്‍കൂനയ്ക്കും ഇടയില്‍ കണ്ടെത്തിയെങ്കിലും രക്ഷാദൗത്യത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തി ഷിരൂര്‍ മേഖലയില്‍ കോരിച്ചൊരിയുന്ന മഴയും ശക്തമായ കാറ്റും. വൃഷ്ടിപ്രദേശത്താകെ കനത്ത മഴ തുടരുകയാണ്.
ഗംഗാവാലിയില്‍ കനത്ത കുത്തൊഴുക്കുണ്ട്. നദിയിലെ ജലനിരപ്പ് ഉയര്‍ന്നുവരികയാണ്. ട്രക്ക് കണ്ടെത്തിയ സ്ഥലത്ത് നേവിസംഘം ബോട്ടിലെത്തിയിട്ടുണ്ടെങ്കിലും കനത്ത മഴ തുടരുന്നതിനാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് പുഴയിലിറങ്ങാന്‍ സാധിക്കുന്നില്ല.
അടിത്തട്ടില്‍ ഇറങ്ങി വാഹനം ലോക്ക് ചെയ്ത് പരിശോധിക്കണമെങ്കില്‍ മഴയ്ക്ക് നേരിയ ശമനമെങ്കിലും ഉണ്ടാകണമെന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഷിരൂരിലേക്ക് ഫയര്‍ഫോഴ്സിന്റെ കൂടുതല്‍ വാഹനങ്ങള്‍ എത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിയും, എം എല്‍ എയും നേവിയുടെ ബോട്ടില്‍ പുഴയിലേക്കിറങ്ങിയിട്ടുണ്ട്. ഉത്തര കന്നഡ ജില്ലാ പൊലീസ് മേധാവി ദൗത്യ മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.